കാലവർഷം കനക്കുമെന്ന് പ്രവചനം; ഇടുക്കിയിൽ 32 ശതമാനം വെള്ളം
Saturday, May 17, 2025 2:06 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: സംസ്ഥാനത്ത് കാലവർഷം ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കേ ഇടുക്കി അണക്കെട്ടിലുള്ളത് 2332.76 അടി വെള്ളം. സംഭരണശേഷിയുടെ 32 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസം 33 ശതമാനം വെള്ളമാണുണ്ടായിരുന്നത്.
സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 31 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞവർഷം 30 ശതമാനമായിരുന്നു വെള്ളത്തിന്റെ അളവ്. കഴിഞ്ഞ വർഷം 10 ദിവസത്തോളം പ്രതിദിന വൈദ്യുതി ഉപഭോഗം റിക്കാർഡ് ഭേദിച്ച് 10 കോടി യൂണിറ്റിനു മുകളിൽ എത്തിയിരുന്നു.
ഇന്നലെ സംസ്ഥാനത്ത് 98.821 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. ഇതിൽ 33.067 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോൾ 65.753 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നുംഎത്തിച്ചു. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർഹൗസിൽ മാത്രം 13.642 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ഉത്പാദിപ്പിച്ചു.
പതിവിൽനിന്നു വ്യത്യസ്തമായി ഇത്തവണ വേനൽമഴ തുണച്ചതും നിരവധി ഉപഭോക്താക്കൾ സോളാറിനെ ആശ്രയിക്കുന്നതും മൂലം ഇത്തവണ വൈദ്യുതി ഉപഭോഗം കുത്തനെ കുറയാൻ കാരണമായി.
2024 മാർച്ച് 13 മുതൽ 10 കോടി യൂണിറ്റിനു മുകളിലെത്തിയ ഉപഭോഗം പിന്നീട് ഒന്നരമാസത്തോളം അവധിദിവസങ്ങളിലൊഴികെ ഈ സ്ഥിതിയിലായിരുന്നു. എന്നാൽ ഇത്തവണ രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമാണ് പ്രതിദിന ഉപഭോഗം പത്തുകോടിക്കു മുകളിലെത്തിയത്. ഏപ്രിൽ 22നു രേഖപ്പെടുത്തിയ 10.28 കോടി യൂണിറ്റാണ് ഈ വർഷത്തെ വൈദ്യുതി ഉപഭോഗത്തിലെ റിക്കാർഡ്.
പ്രതിമാസം 250 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപഭോഗമുള്ളവർക്ക് വൈകുന്നേരം ആറിനു ശേഷമുള്ള പീക്ക് സമയത്ത് 25 ശതമാനം അധികനിരക്ക് ബാധകമാക്കിയത് ഉപഭോക്താക്കൾ കൂടുതൽ ജാഗ്രതപുലർത്താൻ കാരണമായി.
സംസ്ഥാനത്ത് ഇതുവരെ എട്ടു ശതമാനം അധിക വേനൽമഴ ലഭിച്ചതായാണ് കണക്ക്. ഇത്തവണ കാലവർഷം നേരത്തേ എത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. അങ്ങനെയെങ്കിൽ ഇത്തവണത്തെ വേനൽമഴയുടെ അളവിൽ ഗണ്യമായ വർധനയുണ്ടാകും.
ലക്ഷദ്വീപിൽ ഇത്തവണ 24 ശതമാനം അധിക വേനൽമഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്. ഇവിടെ 55 ശതമാനം അധികവേനൽ മഴ പെയ്തു.
കണ്ണൂർ-40, തിരുവനന്തപുരം-34 ശതമാനം എന്നിങ്ങനെ അധിക വേനൽമഴ ലഭിച്ചു. ഇതേസമയം ഇടുക്കിയിൽ ഇതുവരെ 14 ശതമാനത്തിന്റെ മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 306.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 262.5 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്.
ഇത്തവണ കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിൽ വൈദ്യുതി ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. ഡാമിൽ എക്കലും മണലും അടിഞ്ഞ് സംഭരണശേഷിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതു നീക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കാലവർഷത്തിൽ ഡാം വേഗം നിറയാനും ഷട്ടറുകൾ തുറന്നുവിടാനും ഇടയാകുന്ന സാഹചര്യം ഉണ്ടായേക്കാം.