കൈക്കൂലി കേസ് ശേഖര്കുമാറിലേക്ക് എത്തിയത് വില്‍സന്റെ മൊഴിയിൽ
Sunday, May 18, 2025 2:57 AM IST
കൊച്ചി: ഇഡിയെ മറയാക്കിയുള്ള കൈക്കൂലിക്കേസില്‍ അറസ്റ്റിലായ പ്രതി വില്‍സന്റെ മൊഴിയാണു കേസിലെ മുഖ്യപ്രതി കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്കുമാറിലേക്ക് എത്തിച്ചത്. പണം വാങ്ങിയത് തനിക്കുവേണ്ടിയല്ലെന്നും താൻ ഇടനിലക്കാരന് മാത്രമാണെന്നുമായിരുന്നു വിൽസന്റെ വെളിപ്പെടുത്തല്‍.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശേഖര്കുമാറിലേക്ക് വിജിലൻസ് എത്തിയത്. പരാതിക്കാരനായ വ്യവസായി നല്കിയ പരാതിയിലും ശേഖര്‍കുമാറിന്റെ പേര് പരാമര്‍ശിച്ചിരുന്നത് ഇയാള്‍ക്കു വിനയായി.
കഴിഞ്ഞ ആറിനാണ് ഇടനിലക്കാര്‍ കൈക്കൂലി ആവശ്യപ്പെട്ടു പരാതിക്കാരനെ സമീപിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ രണ്ടു ലക്ഷം രൂപ വാങ്ങാന്‍ എത്തിയപ്പോഴാണു വില്സൻ പിടിയിലായത്. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസിലെ മൂന്നാം പ്രതി മുകേഷ് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള കശുവണ്ടി ഇറക്കുമതി വ്യാപാരിയാണ് പരാതിക്കാരന്. ഇയാളുടെ അമ്മയുടെ പേരിലുള്ളതാണ് കമ്പനി. ഇഡി പ്രാഥമികാന്വേഷണം ആരംഭിക്കുകയും ചോദ്യംചെയ്യുകയും ചെയ്തതോടെ വ്യാപാരി ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ച് നടപടിക്കു താത്കാലിക സ്റ്റേ സമ്പാദിച്ചിരുന്നു.
കേസില്‍ പ്രതിചേര്‍ക്കാതിരിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്താണ് വില്സൻ പരാതിക്കാരനെ സമീപിച്ചത്.