മഴക്കാല മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം
Saturday, May 17, 2025 2:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല പൂർവ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. ഈ മാസം 20നകം ജില്ലാതലത്തിൽ യോഗം ചേർന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാൻ പ്രാദേശിക കർമ്മപദ്ധതി തയാറാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു.
ജില്ലാ, താലൂക്ക് തലങ്ങളിൽ തയാറാക്കിയ ഇൻസിഡന്റ് റെസ്പോണ്സ് സിസ്റ്റം കൃത്യമായും സമയബന്ധിതമായും പ്രവർത്തിപ്പിക്കാൻ ആവശ്യമായ പരിശീലനം നൽകണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ തലത്തിലും വില്ലേജ് തലത്തിലും പുതുക്കണം.
തദ്ദേശ സ്ഥാപനങ്ങൾ അടിയന്തരമായി മഴക്കാലപൂർവ ശുചീകരണം ആരംഭിക്കണം. വേനൽമഴ ശക്തമാകുന്നതിന് മുൻപ് ഓടകൾ, കൈത്തോടുകൾ, കൾവർട്ടുകൾ, ചെറിയ കനാലുകൾ എന്നിവയിലെ തടസങ്ങൾ നീക്കണം. ഓടകൾ, നീർച്ചാലുകൾ, പൊതുജലാശയങ്ങൾ മുതലായ എല്ലാ ജല നിർഗമന പാതകളും വൃത്തിയാക്കണം.
ദേശീയപാത നിർമാണവുമായ ബന്ധപ്പെട്ടു രൂപം കൊള്ളാനിടയുള്ള വെള്ളക്കെട്ടുകൾ ഇല്ലാതാക്കാൻ നാഷണൽ ഹൈവേ അഥോറിറ്റിയുമായി ചേർന്ന് സംയുക്ത പരിഹാര പദ്ധതി തയാറാക്കണം.
ഗ്രാമപഞ്ചായത്തിന് ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് മൂന്നു ലക്ഷം രൂപയും കോർപറേഷന് അഞ്ചു ലക്ഷം രൂപവരെയും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി നിർദേശിക്കുന്ന ഉപകരണങ്ങൾ വാങ്ങാനും സംഭരണകേന്ദ്രം തുടങ്ങാനും ജില്ലാദുരന്തനിവാരണ അഥോറിറ്റിയിൽ നിന്ന് അനുവദിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
കൂടുതലായി ഉപകരണങ്ങൾ ആവശ്യമായി വന്നാൽ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ തുക-ഉപകരണങ്ങൾ സ്വരൂപിക്കണം. സമഗ്രമായി പരിഷ്കരിച്ച ഓറഞ്ച് ഡാറ്റ ബുക്ക് മേയ് 25നകം പുറത്തിറക്കണം.