ജനവാസ കേന്ദ്രങ്ങളിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം
Friday, May 16, 2025 2:00 AM IST
ഷിബു എടക്കര
എടക്കര: കാട്ടാനകൾക്കും കാട്ടുപന്നികൾക്കും പുറമേ ജനവാസ കേന്ദ്രങ്ങളിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം മലപ്പുറത്തിന്റെ മലയോര ജനതയുടെ ഉറക്കം കെടുത്തുന്നു.
കഴിഞ്ഞ ദിവസം എടക്കര പഞ്ചായത്തിലെ കരുനെച്ചി മണക്കാട് റോഡിൽവച്ച് പോത്തുകൽ സ്വദേശികളായ ഓട്ടോ യാത്രക്കാർ റോഡിനു കുറുകെ ഓടുന്ന പുലിയെ കണ്ടിരുന്നു. തികച്ചും ജനവാസ കേന്ദ്രമായ മണക്കാട് ഭാഗത്ത് പുലിയെ കണ്ടത് ജനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രണ്ടു കിലോമീറ്റർ അകലെയുളള കരിയംമുരിയം വനത്തിൽനിന്നാകാം പുലിയിറങ്ങിയതെന്നാണ് നാട്ടുകാർ കരുതുന്നത്.
പോത്തുകൽ, എടക്കര, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ എന്നീ ഗ്രാമപഞ്ചായത്തുകളിൽ കാട്ടാന, കാട്ടുപന്നി, മാൻ, മലാൻ, മയിൽ തുടങ്ങിയ വന്യജിവികളുടെ ശല്യംമൂലം ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ. ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിലിറങ്ങുന്ന ഇവ വ്യാപകമായ തോതിലാണ് കാർഷിക വിളകൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
വഴിക്കടവ് പഞ്ചായത്തിലെ മരുത വനയോര മേഖലകളിൽ മാത്രമാണ് കടുവയുടെ സാന്നിധ്യം വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മരുത കൊക്കോ എസ്റ്റേറ്റിലേക്കുള്ള വനപാതയിൽ രണ്ട് കാട്ടാനകൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇക്കാര്യം തുറന്നു പറയാൻ വനം വകുപ്പ് അധികതർ തയാറാകുന്നില്ലെന്നതാണ് വസ്തുത. പോത്തുകൽ ഭൂദാനം പ്രദേശങ്ങളിലും വഴിക്കടവ് മാമാങ്കര, നറുക്കുംപൊട്ടി, കന്പളക്കല്ല്, ആനമറി, മൂത്തേടം പാലാങ്കരയടക്കമുള്ള വനാതിർത്തി പ്രദേശങ്ങളിലും പുലികളുടെ സ്ഥിര സാന്നിധ്യം നിലവിലുണ്ട്.
പുലർച്ചെ ടാപ്പിംഗിനു പോകുന്ന തൊഴിലാളികൾ, മസ്ജിദുകളിൽ നമസ്കാരത്തിനു പോകുന്നവർ തുടങ്ങിയവരാണ് വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ഇരകളാകുന്നത്.