സംസ്ഥാന സര്‍ക്കാരിന് ഫണ്ടില്ല ; കേരളത്തിലെ 55 മേല്‍പ്പാലങ്ങളുടെ നിര്‍മാണച്ചെലവ് റെയില്‍വേ വഹിക്കും
Friday, May 16, 2025 2:00 AM IST
കൊല്ലം: സംസ്ഥാന സര്‍ക്കാരിന് പണം ഇല്ലെന്ന് അറിയിച്ചതോടെ കേരളത്തിലെ 55 മേൽപ്പാലങ്ങള്‍ സ്വന്തം ചെലവില്‍ നിര്‍മിക്കാൻ റെയില്‍വേ തീരുമാനം.
മുന്‍ധാരണ പ്രകാരം മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിന് റെയില്‍വേയും സംസ്ഥാന സര്‍ക്കാരും 50 ശതമാനം തുക വീതമായിരുന്നു വഹിച്ചിരുന്നത്. എന്നാല്‍, നിര്‍മാണച്ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്ത സാഹചര്യമാണെന്ന് റെയില്‍വേയെ അറിയിച്ചു.
തുടര്‍ന്ന് മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിന്റെ മുഴുവന്‍ ചെലവും വഹിക്കാന്‍ റെയില്‍വേ മുന്നോട്ടുവരികയായിരുന്നു. ചെലവ് പങ്കിടാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്തത് കാരണമാണ് 55 റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മാണം വൈകുന്നതെന്നും ദക്ഷിണ റെയില്‍വേ ചൂണ്ടിക്കാട്ടി.
ലെവൽക്രോസുകള്‍ ഒഴിവാക്കി സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കിയത്. ഇത്തരത്തില്‍ സംസ്ഥാനത്ത് 126 മേൽപ്പാലങ്ങള്‍ നിര്‍മിക്കാനായിരുന്നു തീരുമാനിച്ചത്.
ഇതിനായി സംസ്ഥാന സര്‍ക്കാരും റെയില്‍വേയും നിര്‍മാണ ചെലവ് തുല്യമായി പങ്കിടുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. കൂടാതെ സ്ഥലം ഏറ്റെടുത്തു നൽകുന്നതിനുള്ള ബാധ്യതയും സംസ്ഥാന സര്‍ക്കാരിനാണ്.
കേരള റെയിൽ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡി (കെആര്‍ഡിസിഎല്‍)നാണ് സംസ്ഥാനത്തെ മേൽപ്പാലങ്ങളുടെ നിര്‍മാണചുമതല. ഇതില്‍ 18 എണ്ണത്തിന്റെ മാത്രമേ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാന്‍ കഴിഞ്ഞിട്ടുള്ളൂ. ഈ പാലങ്ങള്‍ റെയില്‍വേയുടെ 100 ശതമാനം ധനസഹായത്തോടെ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് കെആര്‍ഡിസിഎല്ലിന് റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
18 പാലങ്ങളുടെ ഭൂമി ഏറ്റെടുക്കലിന് മാത്രമായി 95 കോടി രൂപയാണ് റെയില്‍വേ ചെലവഴിച്ചത്. ബാക്കി 37 പാലങ്ങളുടെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. ഇത് കൂടാതെ അനുമതി ലഭിച്ച 65 മേല്‍പ്പാലങ്ങള്‍ കൂടിയുണ്ട്. സ്ഥലമേറ്റെടുക്കല്‍ വൈകുന്നതും തുക അനുവദിക്കുന്നതിലുള്ള കാലതാമസവുമാണ് ഇവയുടെ നിര്‍മാണത്തിന് തടസമാകുന്നത്.