ജൂണിയർ അഭിഭാഷകയ്ക്കു മർദനം; ബെയ്ലിൻ ദാസ് അറസ്റ്റിൽ
Friday, May 16, 2025 2:00 AM IST
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂണിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ചശേഷം ഒളിവിൽ പോയ പ്രതി സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസ് മൂന്നാം ദിവസം അറസ്റ്റിൽ.
കാറിൽ സഞ്ചരിക്കുന്നതിനിടെ തുമ്പ സ്റ്റേഷൻ കടവിൽ നിന്നാണ് പൂന്തുറ ആലുകാട് ദാസ് ഭവനിൽ വൈ. ബെയ്ലിൻ ദാസിനെ (47) തുമ്പ പോലീസ് പിടികൂടിയത്.
സിറ്റി ഡാൻസാഫ് പോലീസ് സംഘം അടക്കം നടത്തിയ വ്യാപക തെരച്ചിലിനൊടുവിൽ ഇന്നലെ വൈകുന്നേരം 6.45നു പിടിയിലായ ബെയ്ലിൻ ദാസിനെ രാത്രിയോടെ വഞ്ചിയൂർ പോലീസിനു കൈമാറി.
അന്വേഷണസംഘത്തലവൻ തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നകുൽ ദേശ്മുഖിന്റെ നേതൃത്വത്തിൽ ബെയ്ലിൻ ദാസിനെ ചോദ്യം ചെയ്തു.
ബോധപൂർവം സ്ത്രീത്വത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടിരുന്നില്ലെന്നും ജൂണിയർ അഭിഭാഷക ശ്യാമിലി ജസ്റ്റിനുമായി സംസാരിക്കുന്നതിനിടെ പ്രകോപനപരമായി മറുപടി പറഞ്ഞ സാഹചര്യത്തിലാണ് താൻ മർദിച്ചതെന്നുമാണ് ബെയ്ലിൻ ദാസ് പോലീസിനു നൽകിയ മൊഴിയെന്നാണു സൂചന. ഇദ്ദേഹത്തെ ഇന്നു കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നാണ് വഞ്ചിയൂരിലെ ബെയ്ലിൻ ദാസിന്റെ ഓഫീസിൽ വച്ച് ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ക്രൂരമായി മർദിച്ചത്. വലതുകവിൾ അടിച്ചു തകർത്തിരുന്നു.
തുടർന്ന് കോടതിയിലെ ബാർ അസോസിയേഷൻ ഹാളിലുണ്ടായിരുന്ന ബെയ്ലിൻ ദാസിനെ പിടികൂടാൻ പോലീസ് എത്തിയെങ്കിലും അഭിഭാഷകർ തടഞ്ഞിനെ തുടർന്നു അറസ്റ്റു ചെയ്യാൻ കഴിഞ്ഞില്ലെന്ന ആരോപണമുയർന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
കാറുകൾ മാറി തുടർച്ചയായി സഞ്ചരിക്കുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. ബെയ്ലിൻ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കാൻ ഇരിക്കേയാണ് ഇന്നലെ പോലീസ് പിടിയിലായത്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ബെയ്ലിൻ ദാസ് ജാമ്യാപേക്ഷ നൽകിയത്.