പത്തുവയസുകാരനെ പൊള്ളലേൽപ്പിച്ച അമ്മയ്ക്കെതിരേ കേസ്
Friday, May 16, 2025 2:00 AM IST
ബേക്കൽ: പത്തുവയസുകാരന്റെ വയറ്റത്ത് തിളയ്ക്കുന്ന ചായപ്പാത്രം വച്ച് പൊള്ളിച്ചതിന് അമ്മയ്ക്കെതിരേ കേസ്. പള്ളിക്കര കീക്കാനം സ്വദേശിയായ കുട്ടി അച്ഛനൊപ്പം പോലീസ് സ്റ്റേഷനിലെത്തി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയ്ക്കെതിരേ കേസെടുത്തത്.
കുട്ടിയുടെ അമ്മ ഒരാഴ്ച മുമ്പ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ടും ബേക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയെയും ആൺസുഹൃത്തിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ മാസം 28ന് വൈകുന്നേരം അഞ്ചോടെയായിരുന്നു കുട്ടിയെ പൊള്ളിച്ച സംഭവം നടന്നതെന്ന് കുട്ടിയുടെ മൊഴിയിൽ പറയുന്നു. ചായ കുടിക്കുന്നതിനിടെ യുവതി ആൺസുഹൃത്തുമായി ഫോണിൽ സംസാരിക്കുകയും വീഡിയോ കോൾ ചെയ്യുകയുമായിരുന്നു.
കുട്ടി ഇതിനെ തടയാൻ ശ്രമിക്കുകയും അച്ഛനോടു പറയുമെന്നു പറയുകയും ചെയ്തതിനെത്തുടർന്നാണ് കുട്ടിയെ മർദിക്കുകയും ചായപ്പാത്രം കൊണ്ട് പൊള്ളിക്കുകയും ചെയ്തത്. ഇക്കാര്യം ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ദിവസങ്ങൾക്കകം യുവതി കുടുംബത്തെ ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയതോടെയാണു കുട്ടി അച്ഛനോടു വിവരം പറഞ്ഞത്. പൊള്ളലേറ്റതിന്റെ പാടുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു. സ്കൂളിലെ സഹപാഠിയായിരുന്ന കള്ളാർ സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി പോയതെന്നാണു കുട്ടിയുടെ അച്ഛൻ നല്കിയ പരാതിയിൽ പറയുന്നത്.