പാര്‍ട്ടിയുടെ അംഗീകാരം വേണ്ട; അണികളുടെ പിന്തുണ മതി: കെ. സുധാകരൻ
Friday, May 16, 2025 2:00 AM IST
കണ്ണൂര്‍: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കി എഐസിസി പ്രവര്‍ത്തകസമിതി അംഗത്വം പകരം നല്കിയ പാര്‍ട്ടി നടപടിയില്‍ അതൃപ്തി വ്യക്തമാക്കി കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമങ്ങൾക്ക് മുന്നിലാണ് സുധാകരൻ കോൺഗ്രസ് നേതൃത്വത്തിനെതിരേ തുറന്നടിച്ചത്. നേതൃത്വം തന്നത് വലിയ പോസ്റ്റായിരിക്കും.
ആ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം എവിടെ വരെ എന്ന് പരസ്യമായി ചോദിച്ച സുധാകരന്, കേരളം തന്നെയായിരിക്കും ഭാവിയിലും തന്റെ പ്രവര്‍ത്തനമണ്ഡലമെന്നും പാര്‍ട്ടി പറഞ്ഞാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്നും വ്യക്തമാക്കി.
നേതൃത്വം ഇല്ലെങ്കിലും താന്‍ രാഷ്ട്രീയ ഉത്തരവാദിത്വം നിറവേറ്റും. അതിന് സ്ഥാനം വേണ്ട, പ്രവര്‍ത്തകര്‍ മതി. പാര്‍ട്ടിയുടെ അംഗീകാരമോ അഭിനന്ദനമോ പോലും തനിക്കു വേണ്ട.പറഞ്ഞാൽ പറഞ്ഞയിടത്തു നില്ക്കുന്ന അണികളാണ് തന്റെ കരുത്തെന്നും കെ. സുധാകരൻ പറഞ്ഞു. തന്റേത് സ്വാഭാവിക മാറ്റമാണെന്ന് കരുതുന്നില്ലെന്നും മാറ്റിയ രീതിയോട് വിയോജിപ്പുണ്ടെന്നും കെ. സുധാകരന് തുറന്നടിച്ചു.
അധ്യക്ഷപദവി മാറ്റത്തെക്കുറിച്ച് ?
കേരളത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഒരു രാഷ്ട്രീയ പോരാട്ടത്തിലേക്ക് കോണ്‍ഗ്രസ് പോകുകയാണ്. എന്നെ മാറ്റിയത് തെറ്റല്ലെങ്കിലും ശരിയല്ല. ഒഴിവാക്കിയതിന്റെ കാരണമറിയില്ല. ആരോടും ചോദിക്കാനും പോയില്ല.
ഡല്‍ഹിയിലെ യോഗത്തിൽ നിന്നു വിട്ടുനിന്നത്?
സമയമില്ലാത്തതുകൊണ്ടാണ് പങ്കെടുക്കാതിരുന്നത്.
പദവി നീക്കിയതില്‍ അതൃപ്തിയുണ്ടോ?
എനിക്ക് ഒരു അതൃപ്തിയുമില്ല. അതൃപ്തിയുണ്ടെങ്കില്‍ പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കില്ലേ. അതിന് ആരുടെയെങ്കിലും സമ്മതം എനിക്കു വേണോ? അഖിലേന്ത്യാ നേതാക്കന്മാര്ക്ക് എന്റെ സേവനം വേണ്ട എന്നുണ്ടെങ്കില്‍ അതു വേണം എന്നു വാദിക്കാന്‍ എനിക്കു താത്പര്യമില്ല. സംസ്ഥാന നേതൃത്വത്തിനല്ല, ദേശീയ നേതാക്കന്മാര്ക്കാണ് കെ. സുധാകരന്റെ സേവനം അത്ര മതി എന്നു തോന്നിയത്.
മാറ്റിയ സമയം ശരിയായോ?
അതു പറയേണ്ടത് സുധാകരനല്ല, പാര്ട്ടിക്കാര് വിലയിരുത്തട്ടെ. അണികളും അനുഭാവികളും തീര്‍ച്ചയായും വിലയിരുത്തും. ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ മുന്നൊരുക്കങ്ങളും ഞാന്‍ നടത്തിയിരുന്നു. വോട്ടര്‍പട്ടിക മുതല്‍ ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ വരെ. എല്ലാംകൊണ്ടും തെരഞ്ഞെടുപ്പിന് സജ്ജമായിരുന്നു. ഇനി ഒരു പണിയും ബാക്കിയില്ല. പാര്‍ട്ടിക്കുവേണ്ടിയാണ് അതൊക്കെ ചെയ്തതത്. അതുകൊണ്ട് നിരാശയൊന്നുമില്ല.
ദീപ ദാസ് മുന്‍ഷിയുടെ നിലപാടുകള്‍?
ദീപ ദാസ് മുന്‍ഷിയുമായി തര്‍ക്കമൊന്നുമില്ല. അതേസമയം അവർ കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് പരാതിയുണ്ട്.
പുതിയ അധ്യക്ഷനെ നിയമിക്കുന്നതില്‍ സാമുദായിക സമവാക്യം പരിഗണിച്ചോ?
അങ്ങനെയൊന്നും കോണ്‍ഗ്രസ് നോക്കിയിട്ടില്ല. സണ്ണി വക്കീല്‍ അര്‍ഹനാണ്.
പിണറായിയെ നേരിടാൻ സുധാകരനില്ലെങ്കില്‍?
ഔദ്യോഗിക സ്ഥാനമില്ലെങ്കിലും മുതിര്‍ന്ന നേതാവ് എന്ന നിലയ്ക്കു പിണറായിയെ എതിര്‍ക്കാന്‍ ഞാനുണ്ടാകും. പിണറായി വിജയന് അങ്ങനെ നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഒലക്കയും കുന്തവുമൊന്നുമല്ല. പിണറായിയുടെ സ്വന്തം മണ്ഡലത്തില്‍ ഇപ്പോള്‍ എനിക്കാണു ഭൂരിപക്ഷം.
പ്രവർത്തകസമിതി പദവിയെക്കുറിച്ച് ?
ആ പദവി കിട്ടിയിട്ട് എനിക്ക് എന്താ കാര്യം. പാര്‍ട്ടി പറഞ്ഞതിനാല്‍ ആ സ്ഥാനം ഏറ്റെടുക്കും.ദേശീയ നേതൃത്വത്തിലെ ചിലര്‍ക്കാണ് എതിര്‍പ്പെന്നു സൂചിപ്പിച്ചു.
കെ.സി. വേണുഗോപാലിനെആണോ ഉദ്ദേശിച്ചത് ?
വ്യക്തിപരമായിട്ടുള്ള ചോദ്യങ്ങളൊന്നും വേണ്ട. ഞാന്‍ ആരുടെയും സപ്പോര്ട്ടിനുവേണ്ടി പിറകേ നടന്ന ആളല്ല.
നേതൃമാറ്റം പ്രതിപക്ഷ നേതാവിനു ബാധകമാക്കാത്തത്?
അവര്‍ക്ക് മാറ്റേണ്ട എന്ന് അഭിപ്രായമുണ്ടാകാം. എന്തെങ്കിലും താത്പര്യം അതിനകത്തുണ്ടാകും. ഐ ഡോണ്ട് ബോതര്‍ എബൗട്ട് ദാറ്റ്...
കെപിസിസി അധ്യക്ഷന്റെ മാറ്റവുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ
വി.ഡി. സതീശനുമായി ദേശീയ നേതൃത്വം ആശയ വിനിമയം നടത്തിക്കാണില്ലേ?
അദ്ദേഹത്തിന് ഇക്കാര്യത്തില്‍ എന്തെങ്കിലും റോള്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം ഇക്കാര്യത്തില്‍ മുന്‍കൈയെടുത്ത് ഇറങ്ങിയോ എന്നതിന് തെളിവുകളൊന്നും എന്റെ കൈയിലില്ല. അതുകൊണ്ടു പ്രതികരിക്കുന്നില്ല.
പദവിമാറ്റത്തെക്കുറിച്ച് സൂചന ലഭിച്ചായിരുന്നോ?
ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായി നടന്ന കൂടിക്കാഴ്ചയില്‍ പക്ഷേ നേതൃമാറ്റം ചര്‍ച്ചയായില്ല.
സണ്ണി ജോസഫ് സുധാകരന്റെ നോമിനിയാണോ?
എന്റെ നോമിനിയല്ലെങ്കിലും എന്റെ ഒരു അറിവും പിന്തുണയും അതിനകത്തുണ്ട്.
നാലു വര്‍ഷം കിട്ടിയില്ലേ?
ഒമ്പതു വയസുമുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ ഇത്രയും സീനിയര്‍ നേതാവായ എനിക്ക് അതില്‍ കൂടുതല്‍ കാലം നയിക്കാന്‍ അര്‍ഹതയുണ്ട്. എന്റെ അത്രയും പാരമ്പര്യമുള്ള നേതാക്കന്മാര് അപൂർവമാണ്.
നിയമസഭയിലെ പ്രതിപക്ഷ പ്രവര്‍ത്തനം?
മികച്ചതല്ല എന്നൊന്നും പറയുന്നില്ല. കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. സഭയില്‍ ഇനി കെപിസിസി പ്രസിഡന്റ്കൂടി വരുന്നതോടെ കൂടുതല്‍ സജീവമാകും.
ചുമതലയില്‍നിന്നു മാറ്റുമ്പോള്‍ സണ്ണി ജോസഫിന്റെ പേര് നിര്‍ദേശിച്ചിരുന്നോ?
എന്നോട് ആരും ചോദിച്ചില്ല. ആരോടാണു ചോദിച്ചതെന്നറിയില്ല. അവർ സണ്ണിയുടെ പേര് പറഞ്ഞിരുന്നു. അതില്‍ എനിക്ക് സന്തോഷമുണ്ട്.
ഭാവി പ്രവര്‍ത്തനം?
കേരളത്തില്‍ എല്ലായിടത്തും ഉണ്ടാകും. ദേശീയതലത്തില്‍ ആവശ്യമുണ്ടെങ്കില്‍ പറഞ്ഞാൽ പോകും. അല്ലാതെ പോകില്ല. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരില്‍ മത്സരിക്കും. കണ്ണൂര്‍ സീറ്റ് പിടിച്ചെടുക്കും. കേരളത്തിന്റെ തെരഞ്ഞെടുപ്പുചുമതല എനിക്കു തന്നാൽ ഏറ്റെടുക്കും.