വനംവകുപ്പിനെതിരായ സിപിഎം പ്രതിഷേധം തട്ടിപ്പ്: സണ്ണി ജോസഫ്
Saturday, May 17, 2025 2:06 AM IST
കോഴിക്കോട്: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വനംവകുപ്പിനെതിരായ സിപിഎമ്മിന്റെ പ്രതിഷേധം തട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഈ വിഷയത്തില്‍ ജനങ്ങളുടെ പ്രതിഷേധത്തിന്റെ മുന്പില് കയറിനില്ക്കാനാണു സിപിഎം പരിശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
“വന്യജീവികളില്‍നിന്നു ജനങ്ങളുടെ ജീവന് സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ അലസത കാണിക്കുകയാണ്. സംസ്ഥാനത്ത് വനംവകുപ്പിനെതിരേ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം നാലുതവണ അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു. രണ്ടു തവണ ഞാനും ഓരോ തവണ ടി. സിദ്ദിഖും മാത്യു കുഴല്‍നാടനുമാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്.
എന്നാല്‍ ഒരു തവണപോലും അതു ചര്‍ച്ചയ്ക്കെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിക്കണമെന്ന് പലതവണ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതാണ്”. എംഎല്‍എമാരെയും എംപിമാരെയും പ്രശ്നബാധിത പ്രദേശങ്ങളിലെ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ആലോചനാ യോഗം വിളിക്കാന്‍ സര്‍ക്കാരിനു സാധിച്ചില്ല. സര്‍ക്കാരിന്റെ അലസതയാണ് ഇതിനുകാരണം.
ഭരണകക്ഷി എംഎല്‍എപോലും പ്രതിഷേധവുമായി എത്തേണ്ടിവന്നത് അതുകൊണ്ടാണ്. സര്‍ക്കാരാണ് ഇതിന് ഉത്തരവാദി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സര്‍ക്കാരിനു ഭരണപരമായ ഉത്തരവാദിത്വമുണ്ട്. ഭരണസംവിധാനം തികഞ്ഞ പരാജയമാണെന്നും പ്രതിപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.