മലപ്പുറത്ത് ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊന്നു തിന്നു
Friday, May 16, 2025 2:36 AM IST
ഉമ്മച്ചൻ തെങ്ങുംമൂട്ടിൽ
കാളികാവ് (മലപ്പുറം): പുലർച്ചെ ടാപ്പിംഗ് ജോലിക്കു പോയ തൊഴിലാളിയെ കടുവ കടിച്ചുകൊന്നു. കല്ലാമൂല സ്വദേശി കളപ്പറന്പൻ അബ്ദുൾ ഗഫൂറിനെ (44) യാണു കടുവ കടിച്ചുകൊന്നത്.
മലപ്പുറം ജില്ലയിലെ കാളികാവ് അടയ്ക്കാക്കുണ്ട് പാറശേരിമലയിലായിരുന്നു സംഭവം. ഇന്നലെ രാവിലെ ആറിന് രണ്ടു സഹപ്രവർത്തകരോടൊപ്പം ടാപ്പിംഗ് നടത്തവേയായിരുന്നു അബ്ദുൾ ഗഫൂറിനെ കടുവ ആക്രമിച്ചത്.
ടാപ്പിംഗിനിടെ ഉൾക്കാട്ടിലേക്കു കടുവ കടിച്ചുകൊണ്ടുപോയ അബ്ദുൾഗഫൂറിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ഗഫൂറിനെ കടുവ കടിച്ചുകൊണ്ടുപോകുന്നതു കണ്ടുവെന്ന് കൂടെയുണ്ടായിരുന്ന ടാപ്പിംഗ് തൊഴിലാളി സമദ് ആണ് നാട്ടുകാരെ അറിയിച്ചത്. തുടർന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.
ശരീരത്തിന്റെ ഏതാനും ഭാഗങ്ങൾ കടുവ കടിച്ചുതിന്നിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിടുക്കപ്പെട്ട് കൊണ്ടുപോകാനുള്ള പോലീസിന്റെയും വനംവകുപ്പിന്റെയും ശ്രമം മലമുകളിൽവച്ചുതന്നെ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനു കാരണമായി. തുടർന്ന് നിലന്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ സ്ഥലത്തെത്തി പ്രാഥമിക ചർച്ച നടത്തി.
നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാമെന്നും കടുവയെ പിടികൂടാനുള്ള സംവിധാനം ഏർപ്പെടുത്താമെന്നും ഡിഎഫ്ഒ ഉറപ്പുനൽകിയതോടെയാണ് മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർ സമ്മതിച്ചത്. എന്നാൽ, മൃതദേഹം ആംബുലൻസിൽ കയറ്റിക്കൊണ്ടുപോകാനുള്ള ശ്രമം താഴെ റാവുത്തൻകാട് കവലയിൽവച്ച് ജനക്കൂട്ടം വീണ്ടും തടഞ്ഞു.
കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മരിച്ച യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും ആവശ്യമുന്നയിച്ചു. എന്നാൽ, മൃതദേഹം വേഗം കൊണ്ടുപോകാൻ അനുവദിക്കണമെന്നു ഗഫൂറിന്റെ ബന്ധുക്കൾ ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാര തീരുമാനത്തിനൊപ്പം കടുവാശല്യത്തിനു പരിഹാര നടപടികൂടി പ്രഖ്യാപിക്കണമെന്നായി നാട്ടുകാരുടെ ആവശ്യം.
മലപ്പുറം, പെരിന്തൽമണ്ണ, നിലന്പൂർ എന്നിവിടങ്ങളിലെ ഡിവൈഎസ്പിമാരും സിഐമാരും നൂറുക്കണക്കിനു പോലീസുകാരും വനം വകുപ്പുദ്യോഗസ്ഥരും സംയമനം പാലിച്ചതോടെ സംഘർഷം ഒഴിവായി. തുടർന്ന് സ്ഥലം എംഎൽഎ എ.പി. അനിൽകുമാർ, പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി, നിലന്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ എന്നിവർ ചേർന്ന് ചർച്ച നടത്തി.
14 ലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ ബന്ധുക്കൾക്കു നൽകാമെന്നും കടുവയെ പിടികൂടുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമെന്നുമുള്ള തീരുമാനം എഴുതി തയാറാക്കി മരിച്ച ഗഫൂറിന്റെ സഹോദരനു കൈമാറി. തുടർന്നാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോകാൻ നാട്ടുകാർ സമ്മതിച്ചത്.
മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം രാത്രിയോടെ മൃതദേഹം കല്ലാമൂല ജുമാമസ്ജിദിൽ കബറടക്കി. ഹന്നത്ത് ആണ് അബ്ദുൾ ഗഫൂറിന്റെ ഭാര്യ. മക്കൾ: ഹൈഫ, അസ മെഹറിൻ, ഹസാൻ ഗഫൂർ (മൂവരും വിദ്യാർഥികൾ).