കുട്ടികളുടെ കൃഷ്ണമണിയിലെ വെളുത്ത തിളക്കം നേത്രകാൻസറിന്റെ ലക്ഷണമാകാമെന്ന് ഡോക്ടർമാർ
Friday, May 16, 2025 1:59 AM IST
തലശേരി: അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ കണ്ണിലെ കൃഷ്ണമണിയിലെ വെളുത്ത തിളക്കം നേത്രകാൻസറിന്റെ ലക്ഷണമാകാമെന്ന് മലബാർ കാൻസർ സെന്ററിലെ പീഡിയാട്രിക് കാൻസർ വിദഗ്ധർ.
ഇക്കഴിഞ്ഞ 11 മുതൽ 17 വരെ റെറ്റിനോബ്ലാസ്റ്റോമ അവബോധ വാരാചരണം നടത്തുന്നതിന്റെ ഭാഗമായാണ്, കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന കണ്ണിലെ കാൻസറിനെക്കുറിച്ച് ഡോക്ടർമാർ മുന്നറിയിപ്പ് പങ്കുവച്ചത്.
നേരത്തേ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാൻ പറ്റുന്ന ശിശുരോഗ കാൻസറുകളിൽ ഒന്നാണിത്. വൈകിയുള്ള രോഗനിർണയം കാഴ്ചയും കണ്ണും നഷ്ടപ്പെടുത്തും. മറ്റു ഭാഗങ്ങളിലേക്കു കാൻസർ പടരാനും മരണത്തിനും ഇടയാക്കും.
‘റെറ്റിനോബ്ലാസ്റ്റോമ’യുടെ ആദ്യ ലക്ഷണങ്ങളിൽ ഒന്നിനെയാണ് ‘ല്യൂക്കോകോറിയ’ അഥവാ കൃഷ്ണമണിയിലെ വെളുത്ത തിളക്കം അല്ലെങ്കിൽ പ്രതിഫലനം എന്ന് വിശേഷിപ്പിക്കുന്നതെന്ന് നേത്ര കാൻസർ സ്പെഷലിസ്റ്റ് ഡോ. പി.എം. ഫൈറൂസ് പറഞ്ഞു. സാധാരണ, കണ്ണിന്റെ കൃഷ്ണമണിയിൽ ലൈറ്റ് അടിച്ചാൽ ചുവന്ന പ്രതിഫലനമാണു കാണുക.
പക്ഷേ ഇത്തരം കുട്ടികളുടെ കണ്ണിൽ വെളിച്ചം തെളിയുമ്പോൾ കണ്ണിന്റെ മധ്യവൃത്തത്തിൽ വെളുത്ത നിറം കണ്ടേക്കാം. വെളുത്ത റിഫ്ലെക്സ് കാണുകയാണെങ്കിൽ അടിയന്തരമായി കണ്ണ് പരിശോധന നടത്തണം. കോങ്കണ്ണ്, കാഴ്ചക്കുറവ്, കണ്ണിൽ ചുവപ്പ് അല്ലെങ്കിൽ വീക്കം, കണ്ണ് വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.
മറ്റ് കാൻസറുകളിൽനിന്ന് വ്യത്യസ്തമായി റെറ്റിനോബ്ലാസ്റ്റോമ നേരിട്ട് കാണാനും ചികിത്സയോടുള്ള പ്രതികരണം നിരീക്ഷിക്കാനും കഴിയും. രോഗ നിർണയത്തിനു ബയോപ്സി ടെസ്റ്റിന്റെ ആവശ്യമില്ല.
ആവശ്യമെങ്കിൽ എംആർഐ, അൾട്രാസൗണ്ട് പോലുള്ള അധിക ടെസ്റ്റുകൾ നടത്തും. ഏത് കണ്ണിനെയാണ് ട്യൂമർ ബാധിച്ചിട്ടുള്ളത്, ട്യൂമറിന്റെ വലുപ്പം, ബാധിച്ചിട്ടുള്ള സ്ഥാനം, കണ്ണിന് പുറത്തേക്ക് ബാധിച്ചിട്ടുണ്ടോ എന്നിവ പരിശോധനയിൽ മനസിലാക്കാനാകും. നേരത്തേ യുള്ള രോഗനിർണയവും ചികിത്സയും രോഗം പൂർണമായും മാറ്റാൻ സാഹായിക്കുമെന്ന് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ.ടി.കെ. ജിതിൻ പറഞ്ഞു.
സിസ്റ്റമിക് കീമോതെറാപ്പി അല്ലെങ്കിൽ ഇൻട്ര-ആർട്ടീരിയൽ കീമോതെറാപ്പി ഉപയോഗിച്ച് ട്യൂമർ ചുരുക്കാനും ശസ്ത്രക്രിയ ഒഴിവാക്കാനും കണ്ണിനെയും കുട്ടിയെയും രക്ഷിക്കാനും കഴിയുമെന്ന് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ. ഗോപകുമാറും വ്യക്തമാക്കി.
40 ശതമാനം റെറ്റിനോബ്ലാസ്റ്റോമ കേസുകളും പാരമ്പര്യമായി ഉണ്ടാകുന്നതാണ്. അതുകൊണ്ട് ജനിതക പരിശോധനയും കൗൺസിലിംഗും വളരെ പ്രധാനമാണ്. രോഗവാഹകരെ തിരിച്ചറിയാനും ചികിത്സ ആസൂത്രണം ചെയ്യാനും ബാധിച്ച കുട്ടിയെ മാത്രമല്ല, സഹോദരങ്ങളെയും ഭാവി തലമുറകളെയും നിരീക്ഷിക്കാനും ഇതു സഹായിക്കുമെന്ന് ഒക്കുലാർ ഓങ്കോളജി വിഭാഗം അസി. പ്രഫസർ ഡോ. ഹൃദ്യ പറഞ്ഞു.
മലബാർ കാൻസർ സെന്ററിൽ റെറ്റിനോബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സ ലഭ്യമാണ്. ഒരു വർഷത്തിനിടെ നൂറിലേറെ അനസ്തേഷ്യയിലുള്ള പരിശോധനകളും ആവശ്യമുള്ളവർക്ക് ചികിത്സയും നൽകിക്കഴിഞ്ഞു.
ട്യൂമർ കാരണം കണ്ണ് നീക്കം ചെയ്യാൻ നിർദേശിക്കപ്പെട്ട പല കുട്ടികൾക്കും പ്ലാക്ക് ബ്രാക്കിതെറാപ്പി ഉപയോഗിച്ച് രോഗം ചികിത്സിക്കാനും കണ്ണ് സംരക്ഷിക്കാനും സാധിച്ചതായും ഡോക്ടർമാർ വ്യക്തമാക്കി.