വനപാലകർ വനത്തിന്റെ സംരക്ഷണം നോക്കിയാൽ മതി: കെ.പി. ഉദയഭാനു
Saturday, May 17, 2025 2:06 AM IST
കോന്നി: വനംവകുപ്പ് വനസംരക്ഷണ പ്രവർത്തനങ്ങൾ നോക്കിയാൽ മതിയെന്നും നാട്ടിലിറങ്ങുന്ന മൃഗങ്ങൾക്ക് വനസംരക്ഷണ നിയമം നടപ്പാക്കാൻ വരേണ്ടെന്നും സിപിഎം സംസ്ഥാന സമിതിയംഗം കെ.പി. ഉദയഭാനു.
കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞതിന്റെ പേരിൽ കർഷകർക്കു നേരേ വനംവകുപ്പ് നടത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി വനം ഡിവിഷൻ ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരുമായി ബന്ധമില്ലാത്ത നിലയിലാണ് വനംവകുപ്പ് പ്രവർത്തിക്കുന്നത്. അവരുടെ സ്വഭാവം അങ്ങനെ ആയിപ്പോയതാണ്. ജനങ്ങൾക്കുനേരേ അനാവശ്യ വകുപ്പുകൾ ചുമത്തി കേസെടുത്ത് പീഡിപ്പിക്കാനാണ് ശ്രമമെങ്കിൽ അതിനെ നേരിടും.
നിരപരാധികളെ പീഡിപ്പിച്ച വനപാലകർക്കെതിരേ കേസെടുക്കാൻ പോലീസ് തയാറാകണം. അല്ലെങ്കിൽ പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്താനും തങ്ങൾക്ക് മടിയുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സമിതിയംഗം പറഞ്ഞു. കാട്ടിലെ മൃഗങ്ങൾ നാട്ടിലിറങ്ങി വരുത്തിവയ്ക്കുന്ന നഷ്ടങ്ങൾക്കും ജീവഹാനിക്കും ഉത്തരവാദികൾ വനംവകുപ്പാണ്.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാൻ വനംവകുപ്പിനു കഴിയുന്നില്ലെങ്കിൽ അതിനെ പ്രതിരോധിക്കാൻ ജനങ്ങൾക്കറിയാം. കാട്ടുപന്നിയുടെ വ്യാപനം ആലപ്പുഴ ജില്ല വരെ എത്തിയിരിക്കുന്നു. കാട്ടുപന്നി ശല്യം നേരിടുന്നതിലേക്ക് വാർഡുകൾ തോറും പ്രതിരോധ സേനയ്ക്കു രൂപം നൽകാൻ സിപിഎം തീരുമാനിച്ചിരിക്കുകയാണെന്നും ഉദയഭാനു പറഞ്ഞു.
കാട്ടുപന്നിയോട് അത്രവലിയ സനേഹം വനംവകുപ്പ് കാണിക്കേണ്ടെന്ന് സിപിഎം ഏരിയാ സെക്രട്ടറി എം.എസ്. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ജനങ്ങളോടൊപ്പം നിൽക്കേണ്ടയാളാണ് എംഎൽഎ. നിരപരാധികളെ പീഡിപ്പിക്കുന്പോൾ നോക്കി നിൽക്കാതെ ജനീഷ് കുമാർ വനംവകുപ്പ് ഓഫീസിലേക്ക് വന്നത് അതുകൊണ്ടാണ്. ഭീഷണികൊണ്ട് ഇതിനെ നേരിടാമെന്നു കരുതണ്ട. നാട് എംഎൽഎയ്ക്കൊപ്പമാണെന്ന് ഉദ്യോഗസ്ഥർ മനസിലാക്കണമെന്നും രാജേന്ദ്രൻ പറഞ്ഞു.