വനപാലകരെ ഭീഷണിപ്പെടുത്തിയെന്ന്; കെ.യു. ജനീഷ്കുമാർ എംഎൽഎയ്ക്കെതിരേ കേസ്
Friday, May 16, 2025 2:26 AM IST
പത്തനംതിട്ട: വനം വകുപ്പിന്റെ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തി കസ്റ്റഡിയിലുള്ളയാളെ മോചിപ്പിച്ച സംഭവത്തിൽ കെ.യു. ജനീഷ് കുമാർ എംഎൽഎയ്ക്കെതിരേ കൂടൽ പോലീസ് കേസെടുത്തു.
വനംവകുപ്പ് നടുവത്തുമൂഴി റേഞ്ച് ഓഫീസർ, പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ജീവനക്കാർ, എന്നിവർ എംഎൽഎയ്ക്കെതിരേ മൊഴി നൽകി. ഇതിനിടെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലും മൊഴി രേഖപ്പെടുത്തി.
ഭാരതീയ ന്യായ സംഹിത 132 പ്രകാരം കൃത്യ നിർവഹണം തടസപെടുത്തൽ, 351(2) ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വനപാലകരുടെ സംഘടനയും എംഎൽഎയ്ക്കെതിരേ പരാതി നൽകിയിട്ടുണ്ട്.
കോന്നി കുളത്തുമണ്ണിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി രാജുവിനെ കഴിഞ്ഞദിവസം ജനീഷ് കുമാർ എംഎൽഎ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ഇറക്കിക്കൊണ്ടു പോന്നിരുന്നു.
വനപാലകരുടെ നിലപാടിൽ നക്സലുകൾ വീണ്ടും വരുമെന്നും ഓഫീസ് കത്തിക്കുമെന്നും തുടങ്ങിയ ഭീഷണി ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. കോന്നി ഡിവൈഎസ്പി ടി. രാജപ്പൻ റാവുത്തറും സംഭവസമയം ഫോറസ്റ്റ് സ്റ്റേഷനിലുണ്ടായിരുന്നു.
അതേസമയം സ്വകാര്യ കൃഷിയിടത്തിൽ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് സാധാരണക്കാർക്കെതിരേ കേസെടുക്കാൻ ശ്രമിച്ചതിനെതിരേയാണ് താൻ ഇടപെട്ടതെന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് കെ. യു. ജനീഷ് കുമാർ എംഎൽഎ നിലപാട്.
നിയമപരമായ യാതൊരു നടപടികളുമില്ലാതെയാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. ഇക്കാര്യം ബോധ്യപ്പെടുത്താനാണ് ഡിവൈഎസ്പിയെ വിളിച്ചുവരുത്തിയതെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ പ്രതിഷേധവുമായി ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ രംഗത്തെത്തി. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംഘടന നിയമസഭാ സ്പീക്കർക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.