യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം; സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
Friday, May 16, 2025 2:00 AM IST
നെടുമ്പാശേരി: യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിഐഎസ്എഫ് എസ്ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി എയര്‍പോര്‍ട്ട് സൗത്ത് സോണ്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ആര്. പൊന്നി അറിയിച്ചു.
ഇതുസംബന്ധിച്ച് സിയാല്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സിഐഎസ്എഫ് തലത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. പോലീസും വിശദമായ അന്വേഷണം നടത്തിവരികയാണ്.
സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നെടുമ്പാശേരി പോലീസ് അന്വേഷണം ആരംഭിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചിരുന്നോയെന്നും സംശയമുണ്ട്. യുവാവും ഉദ്യോഗസ്ഥരും തമ്മില്‍ മുന്‍ പരിചയമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ഐവിന്റെ ഫോണില്‍ തര്‍ക്കം സംബന്ധിച്ച തെളിവുകളുണ്ടെന്നാണു വിവരം. ഇതുസംബന്ധിച്ച നിര്‍ണായക രേഖകള്‍ പോലീസ് ശേഖരിച്ചുവരികയാണ്.
മരണകാരണം തലയ്ക്കേറ്റ പരിക്ക്
കൊച്ചി: ഐവിന്റെ മരണകാരണം തലയ്ക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കേറ്റ പരിക്കും ശരീരത്തില്‍നിന്നു രക്തം വാര്‍ന്നുപോയതുമാണ് മരണകാരണമെന്നാണ് പ്രഥമിക കണ്ടെത്തല്‍. തല മതിലിലോ മറ്റോ ഇടിച്ചതായും സംശയമുണ്ട്. ശരീരത്തില്‍ മറ്റു പരിക്കുകള്‍ ഉണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
നടന്നത് അതിക്രൂര കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി: നെടുമ്പാശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം യുവാവിനെ ഇടിച്ചുതെറിപ്പിക്കുകയും കാറിന്റെ ബോണറ്റില്‍ ഒരു കിലോമീറ്ററോളം വലിച്ചുകൊണ്ടു പോകുകയും ചെയ്തു.
നെടുമ്പാശേരി നായത്തോട് ഭാഗത്തു സിഐഎസ്എഫുകാരടക്കം ഒട്ടേറെപ്പേർ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തുവച്ചായിരുന്നു പ്രതികളും ഐവിനും തമ്മില്‍ തര്‍ക്കമുണ്ടായത്. കാറുകള്‍ തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കാര്‍ ഇങ്ങനെയാണോ ഓവര്‍ടേക്ക് ചെയ്യുന്നതെന്ന് ഐവിന് ചോദിക്കുന്നതും ഇങ്ങനെയാണെന്ന് സിഐഎസ്എഫുകാര്‍ മറുപടി പറയുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. താന്‍ പോലീസിനെ വിളിക്കാമെന്ന് ഐവിന് പറയുന്നതും കേള്‍ക്കാം. ഇംഗ്ലീഷിലാണു സംസാരം.
കുറച്ചുസമയത്തെ തര്‍ക്കത്തിനുശേഷം സിഐഎസ്എഫുകാര്‍ കാര്‍ സമീപത്തെ ഒരു വീടിന്റെ മുന്നിലേക്ക് കയറ്റി തിരിച്ചുപോകാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ കാര്യങ്ങള്‍ക്കു തീരുമാനമുണ്ടാക്കാതെ പോകാന്‍ പറ്റില്ലെന്നു വ്യക്തമാക്കി ഐവിന് ഇവരുടെ കാറിന്റെ മുന്നില്‍ കയറി നിന്ന് ഫോണില്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി.
ഇതോടെ സിഐഎസ്എഫുകാര്‍ ഐവിനെ ഇടിച്ചുതെറിപ്പിച്ച് ബോണറ്റിലേക്കിട്ട് അതിവേഗത്തില്‍ ഓടിച്ചുപോകുകയാണു ചെയ്തത്. അപകടത്തിനുമുമ്പ് പ്രതികള്‍ ഐവിന്റെ മുഖത്ത് മര്‍ദിച്ചു. മര്‍ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്നു. ശരീരത്തില്‍ പലയിടത്തും മര്‍ദനമേറ്റ പാടുകളുമുണ്ട്.
‘‘കൊന്നുകളയാൻ മാത്രം എന്തു തെറ്റാ എന്റെ മോന് ചെയ്തത്’’
കൊച്ചി: “കൊന്നുകളയാൻ മാത്രം എന്തു തെറ്റാ എന്റെ മോന് ചെയ്തത്, അവനെ കൊല്ലണ്ടായിരുന്നു, ഒരു പാവം കൊച്ചാ, വെറുതെ വിട്ടൂടായിരുന്നോ”. മകന്റെ ദാരുണമായ അന്ത്യത്തിൽ നിയന്ത്രണംവിട്ടു കരഞ്ഞുകൊണ്ട് ഐവിന്റെ അമ്മ റോസ് മേരിയുടെ നൊന്പരവാക്കുകളാണിത്. മകന് ഒരു വഴക്കിനും പോകാത്തയാളാണ്. ഒരാള്‍ കൂട്ടില്ലാതെ പുറത്തേക്കുപോലും ഇറങ്ങാത്ത അവനെ എന്തിനു കൊലപ്പെടുത്തിയെന്ന് ഇപ്പോഴും അറിയില്ല.
അവനെ കൊല്ലുമെന്ന് ഒരിക്കലും ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. വാക്കുതര്‍ക്കം ഉണ്ടായെന്നു കേട്ടപ്പോള്‍ അടിപിടിയില്‍ എന്തെങ്കിലും പരിക്കുണ്ടാകുമെന്നല്ലാതെ കൊന്നു ബോണറ്റില്‍ കയറ്റിയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ആ അമ്മ വേദനയോടെ പറഞ്ഞു.
വീടും ജോലിചെയ്യുന്ന സ്ഥലവുമല്ലാതെ വേറെ ഒരു കൂട്ടും അവനില്ല. ഒരു വഴക്കിനും പോകാറില്ല. കള്ളുകുടിയോ കഞ്ചാവോ ഒന്നുമില്ലാത്ത കൊച്ചാണ്. എല്ലാവരോടും സ്നേഹമാണ്. നീ ഇങ്ങനെ പാവമാകല്ലടാ.. ആളുകള്‍ കബളിപ്പിക്കുമെന്നാണ് ഞങ്ങള്‍ അവനോട് പറയാറുണ്ടായിരുന്നത്. ആ കൊച്ചിനെയാണ് കൊന്നിരിക്കുന്നേ... ഡ്യൂട്ടി രാത്രിയിലായതിനാല്‍ നായ്ശല്യം ഭയന്നാണ് ബൈക്ക് ഒഴിവാക്കി കാറില്‍ പോയിരുന്നത്. -റോസ് മേരി പറഞ്ഞു.