“സർക്കാർ വിളിച്ചു, ഞാൻ സമ്മതിച്ചു”: ശശി തരൂർ
Sunday, May 18, 2025 2:58 AM IST
തിരുവനന്തപുരം: പാക്കിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങൾക്കെതിരായ ഇന്ത്യയുടെ പോരാട്ടങ്ങളെക്കുറിച്ച് ലോകരാജ്യങ്ങളോടു സംസാരിക്കാൻ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയ പ്രതിനിധിസംഘത്തിന്റെ ഭാഗമാകുമെന്ന് ശശി തരൂർ.
ദേശസേവനം പൗരന്മാരുടെ കടമയാണെന്നും രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിനു പ്രസക്തിയുള്ളൂവെന്നും തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
എംപി എന്ന നിലയിലും പാർലമെന്ററി കമ്മിറ്റി ചെയർമാൻ എന്നനിലയിലുമാണ് കേന്ദ്രസർക്കാർ സർവകക്ഷി സംഘത്തിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്. താൻ അതിനോട് അപ്പോൾത്തന്നെ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു.
രാജ്യത്തിനുവേണ്ടി ഒരു കാര്യം ചെയ്യാൻ സർക്കാർ ഒരു പൗരനോട് ആവശ്യപ്പെടുന്പോൾ വേറെ എന്താണു ചെയ്യാൻ കഴിയുക. തന്റെ കഴിവിനെയോ കഴിവില്ലായ്മയെക്കുറിച്ചോ പാർട്ടി നേതൃത്വത്തിന് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകാം. അതിനുള്ള പൂർണ അവകാശം അവർക്കുണ്ട്.
എന്നാൽ സർക്കാരാണു പ്രതിനിധികളെ തെരഞ്ഞെടുത്ത് അയയ്ക്കുന്നത്. അപ്പോൾ സർക്കാരിന്റെ അഭിപ്രായം വേറെയായിരിക്കും. ആർക്കും എന്നെ അത്ര എളുപ്പം അപമാനിക്കാൻ കഴിയില്ല. ഓരോരുത്തർക്കും അവരുടെ സ്വന്തം വിലയുണ്ട്. അതുകൊണ്ട് അതിനെക്കുറിച്ച് വലിയ ആശങ്കയില്ല.
ഈ ചുമതല അഭിമാനത്തോടെയാണ് ഏറ്റെടുത്തത്. സംഘത്തെ അയയ്ക്കുക എന്നതു നല്ല തീരുമാനമാണ്. രാജ്യത്തിനു നേരേ ഒരാക്രമണം സംഭവിച്ച സമയത്ത് എല്ലാവരും ഒരുമിച്ച് നിൽക്കുന്നതും ഒറ്റവാക്കിൽ, ഒരു സ്വരത്തിൽ സംസാരിക്കുന്നതും രാജ്യത്തിനു നല്ലതാണ്. അത് മുന്പും ഉണ്ടായിട്ടുണ്ട്. ഭാവിയിലും ഉണ്ടാകും എന്നാണു വിശ്വാസം.
വിവാദം പാർട്ടിക്കും സർക്കാരിനുമിടയിലാണ്. സർക്കാർ വിളിച്ച കാര്യം പാർട്ടി നേതൃത്വത്തെ നേരത്തേതന്നെ അറിയിച്ചിരുന്നെന്നും തരൂർ കൂട്ടിച്ചേർത്തു.