അമൽജ്യോതി കോളജും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുമായി ധാരണാപത്രം കൈമാറി
Sunday, May 18, 2025 2:57 AM IST
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ സയൻസ് വിഭാഗവും പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുമായി ധാരണാപത്രം കൈമാറി.
വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് രംഗത്ത് ശ്രദ്ധേയമായ ഗവേഷണ പ്രവർത്തനങ്ങളിൽ സഹകരണം പ്രോത്സാഹിപ്പിക്കുകയും നിർമിതബുദ്ധിയുടെ സഹായത്തോടെ നായ്ക്കളുടെ രോഗ കണ്ടെത്തൽ, നായ്ക്കളുടെ രോഗ വർഗീകരണം തുടങ്ങിയ മേഖലകളിൽ സഹകരണ ഗവേഷണം നടത്തുകയുമാണ് ഈ ധാരണയിലൂടെ ലക്ഷ്യമാക്കുന്നത്. കംപ്യൂട്ടർ സയൻസ് വിഭാഗം കുട്ടികൾക്ക് ഇന്റേൺഷിപ് ചെയ്യാനുള്ള അവസരം ഇതിലൂടെ ലഭിക്കും.
ഗവേഷണ പ്രവർത്തനങ്ങളെ സഹായിക്കാനായി അധ്യാപകരും കുട്ടികളും ഒരുമിച്ചു തയാറാക്കിയ എഐ അധിഷ്ഠിത സോഫ്റ്റ്വേർ അന്തിമഘട്ടത്തിലാണ്. കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ജൂബി മാത്യു, അസിസ്റ്റന്റ് പ്രഫ. മിനു ചെറിയാൻ തുടങ്ങിയവരുടെ നേതൃതത്തിലാണ് ഗവേഷണം നടക്കുന്നത്.
വെറ്ററിനറി സർവകലാശാല രജിസ്ട്രാർ ഡോ.പി. സുധീർ ബാബുവും അമൽജ്യോതി കോളജ് പ്രിൻസിപ്പൽ ഡോ. ലിലികുട്ടി ജേക്കബും ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.
വെറ്ററിനറി സർവകലാശാല അക്കാദമിക ഗവേഷണ വിഭാഗം ഡയറക്ടർ ഡോ.സി. ലത, ഡോ.കെ. വിജയകുമാർ, ഡോ. ശ്യാമ, അമൽ ജ്യോതി കോളജ് ഡയറക്ടർ ഫാ. റോയി പഴയപറമ്പിൽ എന്നിവർ നേതൃത്വം നൽകി.