കാണാതായ പെണ്‍കുട്ടി മരിച്ച കേസില്‍ പ്രതി 15 വര്‍ഷത്തിനുശേഷം അറസ്റ്റില്‍
Sunday, May 18, 2025 2:57 AM IST
കാസര്‍ഗോഡ്: അമ്പലത്തറ സ്റ്റേഷന് പരിധിയിലെ പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയുടെ തിരോധാനകേസ് കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
പ്രതിയായ പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് (52) 15 വര്‍ഷത്തിനുശേഷം അറസ്റ്റില്‍. പീഡനം, തട്ടിക്കൊണ്ടുപോകല്‍, എസ്സി ആക്ട് തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ കൊലപാതകകുറ്റം ചുമത്തുകയുള്ളുവെന്ന് ക്രൈംബ്രാഞ്ച് ഐജി പി. പ്രകാശ് പത്രസമ്മേളനത്തില്‍ അറിയിച്ചു. നിര്‍മാണ കരാറുകാരനായ ബിജു പൗലോസ് ഗായകനും കരാട്ടെ പരിശീലകനുമാണ്. പെണ്‍കുട്ടിയും പ്രതിയും ഗാനമേള ട്രൂപ്പിലെ ഗായകരായിരുന്നു.
പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കാന്‍ ഭാര്യയും രണ്ടു മക്കളുമുള്ള ബിജു ശ്രമിച്ചിരുന്നു. ഇതിനായി മൊബൈല്‍ ഫോണും വസ്ത്രങ്ങളും വാങ്ങി നല്കി. പ്ലസ്ടുവിനുശേഷം പെണ്‍കുട്ടി കാഞ്ഞങ്ങാട്ട് ടിടിസി പഠനത്തിനായി ചേര്‍ന്നു.
വീട്ടുകാര്‍ ഹോസ്റ്റലില്‍ ചേര്‍ത്ത പെണ്‍കുട്ടിയെ ബിജു അവരെ അറിയിക്കാതെ ബല്ല കടപ്പുറത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിച്ചു. സഹോദരിയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ എല്ലാവര്ക്കും പരിചയപ്പെടുത്തിയത്. പിന്നീട് മഡിയനിലെ ക്വാട്ടേഴ്സിലേക്ക് താമസം മാറി. അവിടെ ഭാര്യയാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്.
ഇതിനിടെ പെണ്‍കുട്ടി തന്നെ കല്യാണം കഴിക്കണമെന്ന് പ്രതിയോട് ആവശ്യപ്പെട്ടു. ഇതോടെ പ്രതിയും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം വഷളായി. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്.
2024 ഡിസംബര്‍ ഒമ്പതിനാണ് ക്രൈബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തില്‍, ഡിവൈഎസ്പി പി.മധുസൂദനന് നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുന്നത്.
പെണ്‍കുട്ടിയുടെ പ്ലസ്ടു പഠനകാലയളവിനുശേഷമുള്ള ജീവിതം വിശദമായി അന്വേഷിച്ചു. 18 വയസ് തികയുന്നതിന് ആറുദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പ്രായപൂര്‍ത്തിയായാല്‍ ബിജു തന്നെ വിവാഹം കഴിക്കുമെന്ന് പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
പെണ്‍കുട്ടി മരിച്ചെന്ന് കരുതുന്ന ജൂണ്‍ ആറിന് പെണ്‍കുട്ടി 37 തവണ ബിജുവിനെ ഫോണ്‍ ചെയ്തതായും കണ്ടെത്തി. അന്വേഷണത്തിനിടെ കാസര്‍ഗോഡ് പോലീസ് സ്റ്റേഷന് പരിധിയിലെ ചന്ദ്രഗിരി അഴിമുഖത്ത് നിന്ന് 2010ല്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം ശ്രദ്ധയില്‍പെടുന്നത്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കാഞ്ഞങ്ങാട് പൊതുശ്മശാനത്തു നിന്നും കുഴിച്ചെടുത്ത് അന്വേഷണസംഘം പരിശോധനക്കയച്ചു.
മൃതദേഹത്തില്‍ കാണപ്പെട്ട പാദസരം പെണ്‍കുട്ടിയുടേതാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. മൃദേഹാവശിഷ്ടം ഡിഎന്‍എ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്.