ബ്രത്തലൈസറിനെതിരേ പരാതി നൽകിയ കെഎസ്ആർടിസി മെക്കാനിക്കിന് മാളയിലേക്ക് സ്ഥലംമാറ്റം
Sunday, May 18, 2025 2:57 AM IST
കാഞ്ഞങ്ങാട്: കെഎസ്ആർടിസി കാഞ്ഞങ്ങാട് സബ് ഡിപ്പോയിലെ ബ്രത്തലൈസറിന്റെ തകരാറിനെതിരെ ഉദ്യോഗസ്ഥതലത്തിലും മന്ത്രിക്കും പരാതി നല്കിയ മെക്കാനിക് പി. രാജേഷിനെ തൃശൂർ ജില്ലയിലെ മാള സബ് ഡിപ്പോയിലേക്ക് സ്ഥലംമാറ്റി.
ഒരു മാസം മുമ്പ് ബ്രത്തലൈസറിൽ ഊതിയപ്പോൾ ബീപ് ശബ്ദമുണ്ടാകുകയും ആൽക്കഹോളിന്റെ സാന്നിധ്യം രേഖപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് മദ്യപിച്ച് ജോലിക്കെത്തിയെന്ന പേരിൽ രാജേഷിനെ സസ്പെൻഡ് ചെയ്തിരുന്നു.
ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലാത്ത ആളാണ് താനെന്നും ആയുർവേദ മരുന്ന് കഴിച്ചതിനെയാണ് ബ്രത്തലൈസറിൽ മദ്യത്തിന്റെ സാന്നിധ്യമായി കണ്ടെത്തിയതെന്നുമായിരുന്നു രാജേഷിന്റെ വാദം. രാജേഷ് മദ്യപിക്കാത്ത ആളാണെന്ന കാര്യം സഹപ്രവർത്തകരും സംഘടനാ നേതാക്കളും ശരിവച്ചിരുന്നു.
കാഞ്ഞങ്ങാട് സബ് ഡിപ്പോയിലെ ബ്രത്തലൈസറിൽ ആയുർവേദ മരുന്നുകൾ കഴിച്ചവരെയെല്ലാം മദ്യപിച്ചവരായി രേഖപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാർ ഡിപ്പോയ്ക്കു മുന്നിൽ പ്രതിഷേധവും നടത്തിയിരുന്നു.
നേരത്തേ ഒരു ഡ്രൈവർക്കും ഇതേ രീതിയിൽ ശിക്ഷാനടപടികൾ അനുഭവിക്കേണ്ടിവന്നിരുന്നു. സസ്പെൻഷൻ പിൻവലിച്ചെങ്കിലും സ്ഥലം മാറ്റിയത് ഉദ്യോഗസ്ഥരുടെ പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാർ പ്രതിഷേധത്തിലാണ്.