നെൽകർഷക വഞ്ചനയ്ക്കെതിരേ പ്രക്ഷോഭം തുടങ്ങും: പി.ജെ. ജോസഫ്
Sunday, May 18, 2025 2:57 AM IST
കോട്ടയം: കേരള സർക്കാർ നെൽകർഷകരോട് നിരന്തരമായി കാണിക്കുന്ന വഞ്ചനയിലും അവഗണനയിലും പ്രതിഷേധിച്ച് അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ.
കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഭവനസന്ദർശന പരിപാടിയുടെയും പാർട്ടി ഫണ്ട് ശേഖരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട്-അപ്പർകുട്ടനാട് മേഖലയിൽ ഉൾപ്പെടുന്ന വിവിധ പാടശേഖരത്തിൽനിന്നും സംഭരിച്ച നെല്ലിന്റെ ഇനത്തിൽ സംസ്ഥാന സർക്കാർ നൽകാനുള്ള 100 കോടി രൂപ അടിയന്തരമായി വിതരണം ചെയ്യണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് ഭവന സന്ദർശനവും പാർട്ടി ഫണ്ട് ശേഖരണവും മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ പാർട്ടി നേതൃയോഗം തീരുമാനിച്ചു
കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് അധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയ് ഏബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി, പാർട്ടി നേതാക്കളായ ഇ.ജെ. ആഗസ്തി, കെ.എഫ്. വർഗീസ് മാഞ്ഞൂർ മോഹൻ കുമാർ, തോമസ് കണ്ണന്തറ, സന്തോഷ് കാവുകാട്ട്, അഡ്വ. പ്രിൻസ് ലൂക്കോസ്, വി.ജെ. ലാലി തുടങ്ങിയവർ പ്രസംഗിച്ചു.