മണിപ്പുർ കലാപം: സൂത്രധാരന്മാരിൽ ഒരാൾ തലശേരിയിൽ അറസ്റ്റിൽ
Sunday, May 18, 2025 2:58 AM IST
തലശേരി: മണിപ്പുർ കലാപത്തിന്റെ സൂത്രധാരന്മാരിൽ ഒരാളെ എൻഐഎ സംഘം തലശേരിയിൽ അറസ്റ്റ് ചെയ്തു. ഇംഫാലിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ രാജ്കുമാർ മൈപാക് സംഘിയെയാണ് (32) ഇന്നലെ വൈകുന്നേരം നഗരത്തിലെ ഒരു വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
സ്ത്രീകളെ കൊലപ്പെടുത്തിയതടക്കമുള്ള കേസിലെ പ്രതിയായ ഇയാൾ തലശേരിയിലെ ഒരു ഹോട്ടലിൽ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. പതിനൊന്നു ദിവസം മുന്പാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്.
ബംഗളൂരുവിൽ നിന്ന് വരുന്നുവെന്നാണ് ഹോട്ടലിൽ പറഞ്ഞത്. എന്നാൽ, തിരൂരിൽ ജോലി ചെയ്തുവരവേ തലശേരിയിലെത്തിയെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
പ്രതി കേരളത്തിലെത്തിയിട്ടുണ്ടെന്ന വിവരത്തത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘം അന്വേഷിച്ചു വരികയായിരുന്നു. എറണാകുളത്തുനിന്നെത്തിയ എൻഐഎ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൊതുവേ സൗമ്യമായി പെരുമാറിയിരുന്ന ഇയാൾ കുറഞ്ഞ ദിവസങ്ങൾകൊണ്ടുതന്നെ സഹപ്രവർത്തകർക്ക് പ്രിയപ്പെട്ടവനായി മാറിയിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എൻഐഎ സംഘം ലോക്കൽ പോലീസിനെയും റവന്യു ഉദ്യോഗസ്ഥരെയും ഇക്കാര്യം അറിയിച്ചത്.
ഹോട്ടൽ മാനേജ്മെന്റിൽനിന്ന് ഉദ്യാഗസ്ഥർ വിശദമായി വിവരങ്ങൾ ശേഖരിച്ചു.പ്രതിയെ കൊച്ചിയിലേക്കു കൊണ്ടുപോയി. നടപടികൾ പൂർത്തിയാക്കിയശേഷം തുടരന്വേഷണത്തിനായി എൻഐഎ ഇംഫാൽ യൂണിറ്റിനു കൈമാറും.