പ്രാര്‍ഥനാശംസകളുമായി സീറോമലബാര്‍ സഭ
Monday, May 19, 2025 2:08 AM IST
കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാര്‍പാപ്പയായി സ്ഥാനാരോഹണം ചെയ്ത ലെയോ പതിനാലാമന്‍ പാപ്പായ്ക്ക് പ്രാര്‍ഥനാശംസകളുമായി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. പാപ്പായുടെ സ്ഥാനാരോഹണത്തില്‍ വലിയ സന്തോഷവും പ്രതീക്ഷയുമുണ്ടെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
പൗരസ്ത്യ സഭകളുമായി നടത്തിയ തന്റെ ആദ്യ കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നുള്ള തന്റെ മുന്‍ഗാമിയായ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ അതേ ആശയംതന്നെ ആവര്‍ത്തിച്ചത് പ്രേഷിത മേഖലകളില്‍ പുതിയ സാധ്യതകള്‍ തുറന്നുകിട്ടാനായി കാത്തിരിക്കുന്ന സീറോമലബാര്‍ സഭയ്ക്ക് വലിയ പ്രതീക്ഷയാണു നല്‍കുന്നത്.
സീറോമലബാര്‍ സഭ ആഗോളസഭയായി വളര്‍ന്ന ഈ ഘട്ടത്തില്‍ സാര്‍വത്രിക സഭാ തലവന്റെ ഈ സമീപനം സീറോ മലബാര്‍ സഭയുടെ പാരമ്പര്യങ്ങളും ആരാധനാക്രമവും പരിരക്ഷിക്കപ്പെടുന്നതിന് സഹായകമായിരിക്കുമെന്ന് മാര്‍ റാഫേല്‍ തട്ടില്‍ അഭിപ്രായപ്പെട്ടു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതലകള്‍ യഥാവിധി നിര്‍വഹിക്കുന്നതിനും ലോകത്തിന്റെ ധാര്‍മിക മനഃസാക്ഷിയും ആത്മീയതയുടെ അടയാളവുമായി നിലകൊള്ളുന്നതിനും ലെയോ പതിനാലാമന്‍ പാപ്പായ്ക്ക് സീറോ മലബാര്‍ സഭയുടെ പ്രാര്‍ഥനകള്‍ എപ്പോഴും ഉണ്ടായിരിക്കുമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങുകളില്‍ മാര്‍ റാഫേല്‍ തട്ടില്‍ സഹകാര്‍മികനായിരുന്നു. സീറോ മലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, യൂറോപ്പിലെ അപ്പൊസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, റോമിലുള്ള സീറോ മലബാര്‍ സഭയിലെ വൈദികര്‍, സമര്‍പ്പിതര്‍, വിശ്വാസികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.