അലകടലായി കത്തോലിക്ക കോൺഗ്രസ് മഹാറാലി
Monday, May 19, 2025 2:08 AM IST
പാലക്കാട്: കത്തോലിക്കാ കോൺഗ്രസിന്റെ അന്തർദേശീയ സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനത്തു നിന്നാരംഭിച്ച സമുദായ ശക്തീകരണ റാലി പാലക്കാടിനു ചരിത്ര മുഹൂർത്തമായി. കാസർഗോഡു മുതൽ തിരുവനന്തപുരം വരെ 14 ജില്ലകളിൽ നിന്നുമുള്ള രൂപതകളിലെ ആയിരക്കണക്കിനാളുകൾ സമുദായ ശക്തീകരണത്തിന്റെ ഭാഗമായി.
പാലക്കാട് കോട്ടയ്ക്കു മുമ്പിൽ പാലക്കാട്ടെ കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യകാല പ്രവർത്തകൻ കെ.പി. ലോറൻസിന്റെ നാമധേയത്തിലുള്ള കെ.പി. ലോറൻസ് സ്ക്വയറിൽ നിന്നാരംഭിച്ച പ്രൗഡഗംഭീരമായ ജാഥ കത്തോലിക്കാ കോൺഗ്രസിന്റെ ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിലും രൂപതാ ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
റാലി എസ്ബിഐ ജംഗ്ഷൻ വഴി കെഎസ്ആർടിസി ബസ് സ്റ്റേഷനു മുന്നിലൂടെ ചക്കാന്തറ മാർ ജോസഫ് ഇരുമ്പൻ നഗറിൽ എത്തിച്ചേർന്നു. ജാഥയുടെ മുൻനിര സമ്മേളനനഗരിയിൽ എത്തിയിട്ടും കോട്ടമൈതാനത്തെ ജനക്കൂട്ടം അവസാനിച്ചില്ലെന്നതു ജാഥയുടെ ജനബാഹുല്യം വ്യക്തമാക്കുന്നതായിരുന്നു.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടും കർഷക പ്രശ്നങ്ങളും,വന്യമൃഗ ആക്രമണവും ലഹരിവിരുദ്ധതയുമെല്ലാം മുദ്രാവാക്യങ്ങളായി.