കത്തിച്ചാമ്പലായി; കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം
സ്വന്തം ലേഖകൻ
Monday, May 19, 2025 2:09 AM IST
കോഴിക്കോട്: കോഴിക്കോട് നഗരത്തെ മുള്‍മുനയിലാക്കി കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള നഗരമധ്യത്തിലെ പുതിയ ബസ്സ്റ്റാൻഡില്‍ വന്‍ തീപിടിത്തം. കോഴിക്കോട് ജില്ലയിലെയും സമീപ ജില്ലകളിലെയും നിരവധി ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തോളോടുതോള്‍ ചേര്‍ന്ന് മണിക്കൂറുകള്‍ കഠിനശ്രമം നടത്തിയിട്ടും കോടികളുടെ വസ്തുക്കള്‍ കത്തിച്ചാമ്പലായി.
തീപിടിത്തത്തില്‍ ആളപായമില്ല. 25 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് നഗരം മണിക്കൂറുകളോളം സ്തംഭിച്ചു. വൈകുന്നേരം നാലരയോടെയുണ്ടായ തീപിടിത്തം രാത്രി എട്ടരയോടെയാണ് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിലെ കാലിക്കട്ട് ടെക്സ്റ്റൈല്സും മറ്റ് ഏതാനും കടകളും പൂര്‍ണമായി കത്തിയമര്‍ന്നു.
സ്കൂള്‍ യൂണിഫോമുകളും മറ്റു തുണിത്തരങ്ങളും സൂക്ഷിച്ചിരുന്ന ഹോള്‍സെയില്‍ തുണിക്കടയുടെ ഗോഡൗണുകളടക്കം വെന്തുവെണ്ണീറായി. കോഴിക്കോട് ജില്ലകളിലെയും സമീപ ജില്ലകളിലെയും അഗ്നിരക്ഷാസേനയ്ക്കു പുറമെ, കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ ഫയര്‍ എന്‍ജിനും സ്ഥലത്തെത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തുണിത്തരങ്ങള്‍ക്ക് പിടിച്ച തീ പെട്ടന്ന് മാനംമുട്ടെ ആളിക്കത്തിയതോടെ നഗരംമുഴുവന്‍ പുക നിറഞ്ഞു. എട്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ നിരന്തരം ശ്രമിച്ചിട്ടും ആളിക്കത്തുന്ന തീയ്ക്കു ശമനമുണ്ടായില്ല. കത്തിക്കൊണ്ടിരുന്ന കടകള്‍ക്കുള്ളിലേക്ക് ഫലപ്രദമായി വെള്ളം ചീറ്റിക്കാന്‍ കഴിയാത്ത വിധത്തിലുള്ള കെട്ടിട നിര്‍മാണമാണ് തീയണക്കുന്നതിനു തടസമായത്.
ഉള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെ രാത്രിയില്‍ ജെസിബി എത്തിച്ച് കടകളുടെ ഗ്ലാസുകള്‍ തകര്‍ത്ത് ഉള്ളിലേക്ക് വെള്ളം ചീറ്റിക്കുകയായിരുന്നു. രാത്രി പത്തുകഴിഞ്ഞിട്ടും തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. എസ്കവേറ്റര്‍ എത്തിച്ച് അതിനുള്ളില്‍ കയറിനിന്നും ഫയര്‍ഫോഴ്സ് വെള്ളം ചീറ്റിച്ചു.ഫയര്‍ എന്‍ജിനുകള്‍ മാനാഞ്ചിറ കുളത്തില്‍നിന്ന് വെള്ളം നിറച്ച് തിരിച്ചുവരാനെടുക്കുന്ന സമയത്തിനിടെ തീ ആളിപ്പടരുകയായിരുന്നു. ഇതോടെ ടാങ്കര്‍ ലോറികളില്‍ വെള്ളം നിറച്ച് ബസ് സ്റ്റാന്‍ഡിലെത്തിച്ച് അവിടെനിന്ന് ഫയര്‍ഫോഴ്സ് വെള്ളം ചീറ്റിക്കുകയായിരുന്നു.
തീപിടിത്തമുണ്ടായ ഉടനെ കോഴിക്കോട് നഗരത്തില്‍ വാഹനഗതാഗതം സ്തംഭിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ മാനാഞ്ചിറ വരെയുള്ള റോഡ് പൂര്‍ണമായും പോലീസ് ഒഴിപ്പിച്ച് ഫയര്എന്ജിനുകള്ക്ക് വെള്ളം നിറച്ച് പെട്ടന്നു തിരിച്ചുവരാനുള്ള സൗകര്യമൊരുക്കി.
എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ ശക്തി കൂടിയ ഫയര്‍ എന്ജിന് കൂടി സ്ഥലത്ത് എത്തിയതോടെയാണ് കത്തിക്കൊണ്ടിരുന്ന രണ്ടാംനിലയിലേക്ക് ശക്തിയായി വെള്ളം ചീറ്റിക്കാന്‍ കഴിഞ്ഞത്. രാത്രി എട്ടോടെ താത്കാലിക ഗോവണികളുപയോഗിച്ച് അഗ്നിരക്ഷാ സേനാംഗങ്ങള്‍ ജീവന് പണയംവച്ച് രണ്ടാംനിലയിലേക്കു പ്രവേശിച്ച് വെള്ളം ചീറ്റിക്കാനുള്ള ശ്രമമാരംഭിച്ചു.