യുവാവിനെ കാറിടിപ്പിച്ച് കൊന്ന കേസ് : സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ നടപടി
Monday, May 19, 2025 2:08 AM IST
നെടുമ്പാശേരി : യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിടാൻ നടപടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഡിഐജി ആർ. പൊന്നി, എഐജി ശിവ് പാണ്ഡെ എന്നിവർ ഇന്നലെ നെടുമ്പാശേരിയിലെത്തി. ഇവർ സംഭവസ്ഥലം സന്ദർശിച്ചു. പിന്നീട് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും ചേർന്നു. സംഭവം നെടുമ്പാശേരിയിലെ സിഐഎസ്എഫ് വിംഗിന് വൻ തിരിച്ചടിയും നാണക്കേടും ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
അങ്കമാലി തുറവൂർ സ്വദേശി അരിശേരി വീട്ടിൽ ജിജോ ജയിംസിന്റെ മകൻ ഐവിൻ ജിജോ (24) യാണ് കൊല്ലപ്പെട്ടത്. കേസിൽ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻകുമാർ എന്നിവരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ എത്രയും വേഗം സർവീസിൽനിന്നു നീക്കംചെയ്യാൻ നടപടി സ്വീകരിക്കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം. സംഭവത്തിൽ സിഐഎസ്എഫ് പ്രത്യേക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. നെടുമ്പാശേരി പോലീസിന്റെ അന്വേഷണത്തോടു പൂർണമായും സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് എഐജി ശിവ് പാണ്ഡെ സംസ്ഥാനത്ത് തുടരും.
പ്രതികളായ ഉദ്യോഗസ്ഥരെ എത്രയും വേഗം സർവീസിൽനിന്നു പിരിച്ചുവിടണമെന്ന് കൊല്ലപ്പെട്ട ഐവിൻ ജിജോയുടെ കുടുംബവും ആവശ്യപ്പെട്ടു. ഇതിനിടെ കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രണ്ട് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.