കെപിസിസി നേതൃയോഗം 22ന്
Monday, May 19, 2025 2:08 AM IST
തിരുവനന്തപുരം: പുതിയ നേതൃത്വം ചുമതലയേറ്റ ശേഷമുള്ള ആദ്യ കെപിസിസി നേതൃയോഗം 22നു നടക്കും. കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കും. ഇന്നു നേതൃയോഗം ചേരാനായിരുന്നു നേരത്തേയുള്ള ധാരണ. പിന്നീട് ഇത് 22നു രാവിലെ 10ലേക്കു മാറ്റി.
കെപിസിസി ഭാരവാഹികളിലും ഡിസിസി പ്രസിഡന്റുമാരിലും മാറ്റം വേണമെന്ന ഹൈക്കമാൻഡ് നിർദേശം നിലനിൽക്കേയാണ് പുതുതായി ചുമതലയേറ്റ കെപിസിസി നേതൃത്വം ഭാരവാഹികളുടെ യോഗം വിളിച്ചത്. ഭാരവാഹികളെ മുഴുവൻ മാറ്റിയ ശേഷം തദേശ- നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു പ്രവർത്തന സജ്ജരായ നേതാക്കളെ ഉൾപ്പെടുത്തി കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുമെന്നാണു സൂചന.
ഡിസിസി പ്രസിഡന്റുമാരിലും മാറ്റംവരും. 10 ജില്ലകളിലെങ്കിലും നേതൃത്വത്തിൽ മാറ്റം വരുമത്രേ. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക സമർപ്പിക്കാൻ പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള ടീമിനെയാണ് എഐസിസി നേതൃത്വം ചുമതലപ്പെടുത്തിയിട്ടുള്ളത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിൽ നിന്നുള്ള പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും വിദേശത്തായതിനാൽ നടപടിക്രമങ്ങൾ നീളും. എല്ലാവരുമായി ചർച്ച നടത്തി സാമുദായിക സമവാക്യങ്ങളും യുവത്വവും പരിചയ സന്പത്തും സമമായി പരിഗണിച്ചാകും പുനഃസംഘടനയ്ക്കുള്ള പേരുകൾ നൽകുക.