കോഴിക്കോട് തീപിടിത്തം: 15 കോടിയുടെ നഷ്ടമെന്നു പ്രാഥമിക വിലയിരുത്തല്‍
Tuesday, May 20, 2025 2:17 AM IST
കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ ഞായറാഴ്ച കോടികളുടെ നാശനഷ്ടമുണ്ടാക്കിയ അഗ്നിബാധയുടെ ഉറവിടം കോര്പറേഷന് കെട്ടിടത്തിന്റെ രണ്ടാംനിലയിലാകാമെന്നു ഫയര്‍ഫോഴ്സിന്റെ പ്രാഥമിക നിഗമനം.
രണ്ടാംനിലയിലെ കാലിക്കട്ട് ടെക്സ്റ്റൈയില്‍സിന്റെ മൊത്തവ്യാപാര കേന്ദ്രത്തില്‍നിന്നു തീപിടിക്കുകയും അത് പിന്നീട് ഒന്നാംനിലയിലേക്ക് വ്യാപിച്ചിരിക്കാനുമാണ് സാധ്യതയെന്നുമാണ് ഫയര്‍ഫോഴ്സ് അനുമാനിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് ഫയര്‍ ഡിവിഷണല്‍ ഓഫിസര്‍ ടി. രാജേഷ് ഫയര്‍ഫോഴ്സ് മേധാവിക്ക് ഇന്നു സമര്‍പ്പിക്കും.
സ്ഥാപനങ്ങള്‍ക്ക് 15 കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. കെട്ടിടത്തിന്റെ നഷ്ടമടക്കമുള്ള കാര്യങ്ങള്‍ കണക്കാക്കിവരുന്നതേയുള്ളൂ. ചുറ്റുഭാഗം ഉറപ്പുള്ള ഷീറ്റുകള്‍കൊണ്ട് കെട്ടിമറച്ച് ശീതീകരിച്ച കെട്ടിടമാണ് കാലിക്കട്ട് ടെക്സ്റ്റൈല്സിന്റെത്. രണ്ടാം നിലയിലെ മൊത്തവ്യാപാര കേന്ദ്രത്തില്‍ ഞായറാഴ്ച ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ഇവിടെനിന്നു തീയുണ്ടായി ഒന്നാം നിലയിലേക്ക് പടര്‍ന്നതായാണ് കരുതുന്നത്.
ഒന്നാം നിലയില്‍ എത്തിയപ്പോഴാണ് അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ വിവരമറിയുന്നതും ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുന്നതും. അപ്പോഴേക്കും തീ ശക്തിപ്രാപിച്ചിരുന്നു. അഗ്നിരക്ഷാ സേന എത്തുമ്പോള്‍ ഒന്നാംനിലയിലും രണ്ടാംനിലയിലും ഓരേസമയം തീ ആളിക്കത്തുന്ന അവസ്ഥയായിരുന്നു.
കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പിആര്‍സി മെഡിക്കല്‍സിന്റെ ഗോഡൗണിലും രണ്ടാംനിലയിലെ കാലിക്കട്ട് ടെക്സ്റ്റൈയില്‍സിന്റെ മൊത്തക്കച്ചവട കേന്ദ്രത്തിലുമാണ് തീയുണ്ടായത്. തീയണയ്ക്കുന്നതിനായി രണ്ടാംനിലയിലേക്കു വെള്ളം ശക്തമായി പമ്പ് ചെയ്തതോടെ ചില ഭാഗങ്ങളിലെ തകരഷീറ്റുകള്‍ തകര്‍ന്നു. ഇതുവഴി വായു അകത്തേക്കു കടക്കാന്‍ തുടങ്ങി.
കെട്ടിടത്തിനുള്ളില്‍ വായു എത്തിയതോടെ തീ ആളിക്കത്താന്‍ കാരണമാകുകയും ചെയ്തു. ഇത് പിന്നീട് കെട്ടിടത്തിന്റെ എല്ലാഭാഗത്തേക്കും വ്യാപിക്കുകയായിരുന്നുവെന്നാണു ഫയര്‍ഫോഴ്സിന്റെ കണ്ടെത്തല്‍. അതേസമയം, തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാനുള്ള സാധ്യതയാണു ഫയര്‍ഫോഴ്സ് കാണുന്നത്.
ചുറ്റുഭാഗത്തുമുള്ള കണ്ണാടിച്ചില്ലുകള്‍ ജെസിബി ഉപയോഗിച്ച് പൊട്ടിച്ചാണ് അകത്തേക്കു വെള്ളമടിക്കാന്‍ കഴിഞ്ഞത്. അതേസമയം സര്‍ക്കാര്‍തലത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായി ജില്ലാകളക്ടറും പ്രാഥമിക റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറിയതായാണു വിവരം.
തീയണയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ കാലിക്കട്ട് ടെക്സൈ്റ്റല്സില് ഉണ്ടായിരുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഫയര്‍ എക്സിറ്റ് ബ്ളൂ പ്രിന്റ് കോര്‍പറേഷനോട് ആവശപ്പെട്ടിട്ട് അതു നല്കാന് നഗരസഭയ്ക്കു കഴിഞ്ഞിട്ടില്ല. ഗുരുതരമായ കൃത്യവിലോപത്തിനു കോര്പറേഷന് കൂട്ടുനിന്നതായി പ്രതിപക്ഷം ആരോപിച്ചു. നാലു വര്‍ഷം മുമ്പ് ഫയര്‍ഫോഴ്സ് നടത്തിയ ഫയര്‍ ഓഡിറ്റിംഗില്‍ ഈ െകട്ടിടത്തില് സുരക്ഷാവീഴ്ചയുള്ളതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കടയുടമകള്‍ക്കും കോര്പറേഷനൃം നോട്ടീസും നല്കി. എന്നാല്‍ കെട്ടിടത്തിന്റെ ഉടമകള്‍ കോര്‍പറേഷനായതിനാല്‍ നടപടിയൊന്നും ഉണ്ടായില്ല. കെട്ടിടത്തിന്റെ വരാന്തപോലും കെട്ടിടയച്ചാണ് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. നിശ്ചിത അളവില്‍ കൂടുതല്‍ സ്റ്റോക്ക് ഇവിടെ സൂക്ഷിച്ചിരുന്നതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായാണ് വിവരം.
തീ അണച്ചത് 13 മണിക്കൂറിനുശേഷം
കോഴിക്കോട്: ഞായറാഴ്ച രാത്രി നഗരത്തെ മണിക്കൂറുകളോളം ആശങ്കയിലാക്കിയ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ അഗ്നിബാധ ഇന്നെല പുലര്‍ച്ചെ അഞ്ചരയോടെ പുര്‍ണമായും നിയന്ത്രണവിധേയമാക്കി.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള ഫയര്‍ യൂണിറ്റുകളും എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ ക്രാഷ് ടെന്‍ഡര്‍ ഫയര്‍ ട്രക്കും മണിക്കൂറുകള്‍ പ്രയത്നിച്ചാണു തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തം സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫോറന്‍സിക്, അഗ്നിശമന സേന, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.