ചങ്ങനാശേരി അതിരൂപതയ്ക്ക് അടിത്തറ പാകിയത് മാർ കുര്യാളശേരി: മാർ തോമസ് തറയിൽ
Monday, May 19, 2025 2:08 AM IST
മങ്കൊമ്പ്: ചങ്ങനാശേരി അതിരൂപതയ്ക്ക് ആത്മീയവും ഭൗതികവും വിദ്യാഭ്യാസപരവുമായ അടിത്തറയിട്ടത് ചങ്ങനാശേരിയുടെ പ്രഥമ നാട്ടുമെത്രാനായിരുന്ന മാർ തോമസ് കുര്യാളശേരിയാണെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ.
ചമ്പക്കുളം ബസിലിക്കയിൽ നടത്തിയ ധന്യൻ മാർ തോമസ് കുര്യാളശേരി ചരമശതാബ്ദിയാചരണങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായും ദളിതരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനും ചങ്ങനാശേരി അതിരൂപത നടത്തുന്ന ശ്രമങ്ങളുടെ തുടക്കംകുറിച്ചത് മാർ കുര്യാളശേരിയാണ്. വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ, സമുദായ പുരോഗതി കൈവരുത്തുന്നതിന് അദ്ദേഹം നിരവധി സ്ഥാപനങ്ങളാണ് തുടങ്ങിയത്. എസ്ബി കോളജിന്റെ സ്ഥാപകനും അ ദ്ദേഹമാണ്.
എസ്എബിഎസ് സന്യാസിനീ സമൂഹവും ചമ്പക്കുളം കല്ലൂര്‍ക്കാട് ബസിലിക്ക ഇടവകയും കുര്യാളശേരി കുടുംബാംഗങ്ങളും ചേര്‍ന്നാണ് മാര്‍ തോമസ് കുര്യാളശേരിയുടെ ചരമശതാബ്ദി ആചരണം നടത്തിയത്.
സമ്മേളനത്തില്‍ ചമ്പക്കുളം കല്ലൂര്‍ക്കാട് ബസിലിക്ക റെക്ടര്‍ റവ. ഡോ. ജയിംസ് പാലയ്ക്കല്‍ അധ്യക്ഷനായിരുന്നു. ദീപിക ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍ മുഖ്യപ്രഭാഷണം നടത്തി. റോമിലെ പഠനകാലത്ത് ആർജിച്ച അനുഭവസന്പത്തും ലെയോ 13-ാമൻ മാർപാപ്പയുടെ പ്രബോധനങ്ങളോടുള്ള അടുപ്പവുമാണ് മാർ കുര്യാളശേരിയെ ഒരേസമയം സാമൂഹ്യ പരിഷ്കർത്താവും ആധ്യാത്മിക നേതാവുമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ആത്മീയ ശക്തികൊണ്ട് രൂപതയിലാകമാനം നവോന്മേഷം പകർന്ന മാർ കുര്യാളശേരിയുടെ അനശ്വര സ്മാരകമാണ് എസ്എബിഎസ് സന്യാസ സമൂഹം. മരണത്തിനു ശേഷം ഒരു നൂറ്റാണ്ടു കഴിഞ്ഞും അദ്ദേഹത്തെ അനുസ്മരിക്കുന്നത് അദ്ദേഹം ഈ സന്യാസ സമൂഹത്തിലൂടെ ഇന്നും പ്രവർത്തനനിരതനായിരിക്കുന്നതു കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബസിലിക്ക റെക്ടർ റവ. ഡോ. ജയിംസ് പാലയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ മുഖ്യപ്രഭാഷണവും സിബിസിഐ ലെയിറ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ, എസ്എബിഎസ് മദർ ജനറൽ റോസിലി ജോസ് ഒഴുകയിൽ, ജനറൽ കൺവീനർ ആന്റണി ആറിൽചിറ, കുര്യാളശേരി കുടുംബയോഗം പ്രസിഡന്റ് തോമസ്കുട്ടി കുര്യാളശേരി എന്നിവർ പ്രസംഗിച്ചു. അനുസ്മരണ യോഗത്തിനുശേഷം ഇന്ത്യയിലെ വിവിധ പ്രോവിൻസുകളിൽനിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.