കാട്ടാന ആക്രമണം വന്യമൃഗങ്ങളെ പേടിച്ച് കുടുംബങ്ങൾ കുടിയിറങ്ങിയ ഭാഗത്ത്
Tuesday, May 20, 2025 2:17 AM IST
മണ്ണാർക്കാട്: വാലിപ്പറമ്പൻ ഉമ്മർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതു വന്യമൃഗങ്ങളുടെ ശല്യം സഹിക്കാനാതെ നൂറോളം കുടുംബങ്ങൾ കുടിയിറങ്ങിയ ഭാഗത്ത്.
ചോലമണ്ണ് മുമ്പ് ജനവാസകേന്ദ്രമായിരുന്നു. നൂറോളം കർഷകകുടുംബങ്ങളുടെ ഏക്കർകണക്കിനു കൃഷിസ്ഥലമായിരുന്നു. ഇന്നും കർഷകരുടെ കൃഷിഭൂമിയുണ്ട്. എന്നാൽ ഒന്നോ രണ്ടോ കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ താമസിക്കുന്നത്. കാട്ടാനകളുടെ ആക്രമണത്തെതുടർന്ന് ഇവരോടും മാറിത്താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
കാട്ടാന, പുലി, പന്നി, കുരങ്ങ് എന്നിവയുടെ ശല്യംകാരണമാണ് കൂട്ടത്തോടെ ഇവിടെയുള്ള കുടുംബങ്ങൾ താഴെ സ്ഥലംവാങ്ങി താമസം മാറ്റിയത്. കൂടാതെ ഉപ്പുകുളത്തുനിന്നു വനത്തിലൂടെ വേണം ചോലമണ്ണിൽ എത്താൻ. ഗതാഗതയോഗ്യമായ റോഡില്ലാത്തതും ജനങ്ങൾ കൂട്ടത്തോടെ കുടിയിറങ്ങാൻ കാരണമായി.
വന്യമൃഗശല്യം രൂക്ഷമായതിനെതുടർന്ന് അലനല്ലൂരിൽ ഉൾപ്പെടെ എത്തി കർഷകർ നിരന്തരം സമരം നടത്തിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടായില്ല. റോഡ് സഞ്ചാരയോഗ്യമാക്കാൻ അനുവദിക്കാതെ വനംവകുപ്പും കർഷകരെ ദ്രോഹിച്ചു.
കുട്ടികൾക്കു സ്കൂളിലേക്കുൾപ്പെടെ പോകാൻ സാധിക്കാതെവന്നതോടെ സഹികെട്ടാണ് പല കുടുംബങ്ങളും കുടിയിറങ്ങിയത്. ഇതോടെ ചോലമണ്ണുവിട്ട് വന്യമൃഗങ്ങൾ ഉപ്പുകുളം മേഖലയിലും വ്യാപകമായി.
കഴിഞ്ഞവർഷം ഈ മേഖലയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിനു പരിക്കേറ്റിരുന്നു. കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അധ്യാപിക രണ്ടുമാസംമുമ്പ് മരിച്ചു. കാട്ടുപന്നിമൂലം മാത്രം ഇരുപതോളം അപകടങ്ങളാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത്.
ഏക്കർകണക്കിനു കൃഷിയാണ് കാട്ടാനകൾ ഉപ്പുകുളം മേഖലയിൽമാത്രം നശിപ്പിച്ചിട്ടുള്ളത്. കർഷകരെ സംരക്ഷിക്കുന്ന ഒരു നടപടിയും വനംവകുപ്പ് സ്വീകരിക്കുന്നില്ല. ഇതിനെതിരേ വ്യാപകപ്രതിഷേധമാണ് കർഷകരുടെ ഭാഗത്തുനിന്നുമുള്ളത്. കർഷകർ കുടിയിറങ്ങുമ്പോൾ ആ മേഖല വനമാക്കാനുള്ള ശ്രമമാണ് വനംവകുപ്പ് ചെയ്യുന്നത്.
ഉപ്പുകുളത്തിനുപുറമേ പൊൻപാറ, കാപ്പുപറമ്പ്, അമ്പലപ്പാറ, തിരുവിഴാംകുന്ന്, കരടിയോട്, കണ്ടമംഗലം, മൈലാംപാടം, തത്തേങ്ങലം തുടങ്ങിയ മേഖലകളും വന്യമൃഗഭീഷണിയിലാണ്. ചിലയിടങ്ങളിൽ ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിച്ചതൊഴിച്ചാൽ ഒരു നടപടിയും കാട്ടാനയെ ചെറുക്കാൻ വനം വകുപ്പ് ചെയ്തിട്ടില്ല.