രാഷ്ട്രീയ പ്രതിയോഗികളെ തേജോവധം ചെയ്യാനുള്ള ഏജന്‍സിയായി ഇഡി മാറിയെന്ന് വി.ഡി. സതീശന്
Monday, May 19, 2025 2:08 AM IST
കൊച്ചി: കള്ളപ്പണ നിരോധന നിയമം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഇഡി രാഷ്ട്രീയ കേസുകളില്‍ മാത്രമാണ് ഇടപെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. രാഷ്ട്രീയ പ്രതിയോഗികളെ കേസില്‍പ്പെടുത്തി തേജോവധം ചെയ്യാനുള്ള ഏജന്‍സിയായി ഇഡി മാറി. അവര്‍ എടുക്കുന്ന ഒരു ശതമാനം കേസുകള്‍പോലും തെളിയിക്കപ്പെടാറില്ല. സിപിഎമ്മുകാര്‍ക്കെതിരായ കേസുകളില്‍ ഇഡി ഒത്തുതീര്പ്പുണ്ടാക്കിയിരിക്കയാണെന്നും സതീശൻ കൊച്ചിയില്‍ പറഞ്ഞു.
വേലിതന്നെ വിളവു തിന്നുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇഡി തന്നെ നോട്ടീസയച്ച് അവരെ ഇടനിലക്കാര്‍ മുഖേന ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപ വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയാണ്. രാജ്യവ്യാപകമായി ഇഡിയെക്കുറിച്ച് പരാതിയുണ്ട്. വലിയൊരു ശതമാനം ഉദ്യോഗസ്ഥരും അഴിമതിക്കാരാണ്. അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് കൊച്ചിയിലുണ്ടായത്.
തെരഞ്ഞെടുപ്പു കഴിഞ്ഞ് മാസങ്ങളായിട്ടും കരുവന്നൂര്‍ കേസില്‍ ഒന്നും സംഭവിച്ചില്ല. 500 കോടിയോളം കള്ളപ്പണം തട്ടിയെടുത്ത കേസില്‍ സിപിഎമ്മുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിരിക്കുകയാണ്. എല്‍ഡിഎഫിനെതിരേ ഒരു ഏജന്‍സിയും രാഷ്ട്രീയ വേട്ടയാടല്‍ നടത്തിയിട്ടില്ല. സ്വര്‍ണക്കടത്ത് കേസും ഒത്തുതീര്‍പ്പാക്കി. എല്ലാ കേസുകളും സെറ്റില്‍ ചെയ്തു. കൊടകര കുഴല്‍പ്പണ കേസും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളും സെറ്റില്‍ ചെയ്തു. ഒത്തുതീര്‍പ്പ് ഉണ്ടായപ്പോഴാണ് അന്വേഷണങ്ങളെല്ലാം അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.