യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്നുപേര്‍ കസ്റ്റഡിയില്‍
Monday, May 19, 2025 2:08 AM IST
കോഴിക്കോട്: കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ പോലീസിന്റെ കസ്റ്റഡിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകന് അനൂസ് റോഷനെയാണ് കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോകാനായി കാര്‍ വീട്ടിലെത്തിയതിനു തൊട്ടുമുമ്പ് അവിടെയെത്തിയ ബൈക്കിന്റെ ഉടമയെയും ബൈക്കില്‍ ഉണ്ടായിരുന്ന രണ്ട് ആളുകളെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത്. വിശദമായ അന്വേഷണത്തില്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘമാണ് അനൂസിനെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയത്. കാറില്‍ ഇവര്‍ കടന്നുകളയുന്നതിന്റെ ദൃശ്യം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അനൂസ് റോഷന്റെ സഹോദരന് അജ്മല്‍ റോഷന് വിദേശത്താണ്. വിദേശത്തുവച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം.
ആദ്യം അനൂസിന്റെ പിതാവിനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചതെന്നും അത് തടയാന്‍ എത്തിയപ്പോഴാണ് അനൂസിനുനേരേ തിരിഞ്ഞതെന്നും അനൂസിന്റെ അമ്മ ജമീല പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിറകില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് സൂചന. സൈബര്‍ സെല്ലിന്റെയടക്കം സഹായത്തോടെ അനൂസിനു വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.