ആരിഫ് മുഹമ്മദ് ഖാന്റെ അമിതാധികാരപ്രവണതയ്ക്കേറ്റ തിരിച്ചടി: മന്ത്രി ബിന്ദു
Tuesday, May 20, 2025 2:17 AM IST
തൃശൂർ: ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ അമിതാധികാരപ്രവണതയ്ക്കേറ്റ തിരിച്ചടിയാണ് വിസി നിയമനത്തിലെ ഹൈക്കോടതിവിധിയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
വിസി സ്ഥാനത്തേക്കു സംഘപരിവാർ അനുയായികളെ തിരുകിക്കയറ്റുന്ന സമീപനമാണ് മുൻഗവർണർ സ്വീകരിച്ചിരുന്നത്. പുതിയ ഗവർണർ ന്യായമായ നിലപാടാണു സ്വീകരിക്കുന്നതെന്നും മന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഉന്നത വിദ്യാഭ്യാസമേഖലയെ സംസ്ഥാനസർക്കാർ മുന്നോട്ടുനയിക്കുന്ന വേളയിൽ അതിനെ തകർക്കുന്ന സമീപനമാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്തത്. ഗവർണർ നിരന്തരം സർക്കാരുമായി സംഘർഷമുണ്ടാക്കിയിരുന്നു.
ആ ഘട്ടത്തിൽ സംസ്ഥാനസർക്കാരും ഉന്നതവിദ്യാഭ്യാസവകുപ്പുമാണ് കുറ്റക്കാരെന്നു പലരും തെറ്റിദ്ധരിച്ചു. എന്നാൽ സ്വേച്ഛാധിപത്യപരമായി അദ്ദേഹം നടത്തിയ നിയമനങ്ങൾ തെറ്റാണെന്നു കോടതി വിധി പ്രഖ്യാപിക്കുകയാണ്. ഉന്നതസ്ഥാനത്തിരിക്കുന്നവർ വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെയാണ് പ്രവർത്തിക്കേണ്ടതെന്നു വിധി സൂചിപ്പിക്കുന്നു.