പോലീസ് സ്റ്റേഷനില്‍ ചെല്ലുന്നവര്‍ക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നതെന്ന് സതീശന്
Tuesday, May 20, 2025 12:00 AM IST
ആലപ്പുഴ: സംസ്ഥാനത്ത് നടക്കുന്ന പോലീസ് ഭരണത്തിന്റെ നേര്‍സാക്ഷ്യമാണ് സര്‍ക്കാരിന്റെ നാലാം വാര്‍ഷകത്തില്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയായ ബിന്ദുവിനുണ്ടായതെന്ന് വി.ഡി. സതീശന്.
മാല മോഷ്ടിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിന്ദുവിനോട് ശുചിമുറിയിലെ വെള്ളം കുടിക്കാന്‍ പറഞ്ഞതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പിണറായി വിജയന് ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ പോലീസ് സ്റ്റേഷനില്‍ ചെല്ലുന്നവര്‍ക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നതെന്ന് സതീശന് ചോദിച്ചു.
വീട്ടുജോലി ചെയ്യുന്ന പാവപ്പെട്ട സ്ത്രീയെ 20 മണിക്കൂര്‍ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത ശേഷം സ്റ്റേഷനില്‍നിന്ന് ഇറക്കിവിട്ടു. തെറ്റുകാരിയല്ലെന്ന് തെളിഞ്ഞിട്ടും പരാതിക്കാര്‍ പരാതി പിന്‍വലിച്ചിട്ടും ബിന്ദുവിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പരിസരത്ത് കണ്ടുപോകരുതെന്ന് ഭീഷണിപ്പെടത്തുകയും ചെയ്തു.
ഒരു രാത്രി മുഴുവന്‍ ഒരു സ്ത്രീയെ പോലീസ് സ്റ്റേഷനില്‍ നിര്‍ത്തുന്നതാണോ സര്‍ക്കാരിന്റെ നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിലും ബിന്ദു അപമാനിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നീതി ഇതാണോ? ഇതൊരു പ്രതീകം മാത്രമാണ് -സതീശന് പറഞ്ഞു.
യുഡിഎഫ് കരിദിനം ആചരിക്കും
സര്‍ക്കാരിന്റെ നാലാം വര്ഷികദിനമായ ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കും. സര്‍ക്കാരില്ലായ്മയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം ആരോപിച്ചു. കേരളം ലഹരിമരുന്നിന്റെ താവളമാണ്.
സര്‍ക്കാര്‍ രാഷ്ട്രീയ സുരക്ഷ നല്കി മയക്കുമരുന്നു മാഫിയയെ സംരക്ഷിക്കുകയാണ്. വേടനെ ലഹരി വിരുദ്ധ പരിപാടികളില്‍ കൊണ്ടുവന്നതില്‍ തെറ്റില്ലെന്നും തെറ്റുതിരുത്തി വന്ന ആളാണ് വേടനെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ക്ഷേമനിധി ബോര്‍ഡ് തകര്‍ന്നു. ഒന്നിനും പണമില്ലാത്ത ദയനീയാവസ്ഥയാണ്. കേരളത്തിന്റെ ധനസ്ഥിതി പരിതാപകരണെന്നും സതീശന് കുറ്റപ്പെടുത്തി.