സ്കൂള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം; തയാറെടുപ്പുകൾക്ക് വിദ്യാഭ്യാസവകുപ്പില്‍ അമാന്തം
ബിജു കുര്യന്
Monday, May 19, 2025 2:08 AM IST
പത്തനംതിട്ട: സ്കൂള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കേ, തയാറെടുപ്പുകൾക്ക്് പൊതു വിദ്യാഭ്യാസ വകുപ്പില്‍ അമാന്തം. സ്കൂള്‍ യൂണിഫോം വിതരണ ഉദ്ഘാടനം നേരത്തെ നിര്‍വഹിച്ചുവെങ്കിലും സ്കൂളുകളില്‍ ഇതേവരെ ലഭിച്ചിട്ടില്ല. പാഠപുസ്തകങ്ങള്‍ ഭാഗികമായേ എത്തിയിട്ടുള്ളൂ. ഇവ രണ്ടും മാസങ്ങള്‍ക്കു മുമ്പേ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ നല്‍കിയതാണ്. മാറ്റമില്ലാത്ത പുസ്തകങ്ങള്‍ സ്കൂള്‍ അടയ്ക്കുന്നതിനു മുമ്പേ എത്തിച്ചിരുന്നു.
എന്നാല്‍ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങള്‍ മാറുകയാണ്. ഇവയാണ് ഇനി എത്താനുള്ളത്. ഇവയില്‍ അച്ചടി പൂര്‍ത്തിയാക്കിയവ വിതരണം ചെയ്തു തുടങ്ങി. മറ്റു പുസ്തകങ്ങളുടെ പിഡിഎഫ് ഉപയോഗിച്ചാണ് പലയിടത്തും അധ്യാപക പരിശീലനം നടത്തിയത്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യമായാണ് യൂണിഫോം തുണി നല്‍കേണ്ടത്. കഴിഞ്ഞവര്‍ഷത്തെ ഓര്‍ഡര്‍ പ്രകാരമുള്ള തുണിയാണ് ഇനി ലഭിക്കാനുള്ളത്.
സംസ്ഥാനത്തെ ഗവണ്മെന്റ് സ്കൂളുകളില്‍ നൂറുകണക്കിന് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തണമെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറങ്ങേണ്ടതുണ്ട്. ഇതിനു ശേഷം മുന്‍കൂട്ടി അറിയിപ്പ് നല്കി ഉദ്യോഗാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയാണ് നിയമനം നടത്തേണ്ടത്.
തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള എക്സ് ഒഫീഷ്യോ അംഗങ്ങളുടെ സൗകര്യം കൂടി കണക്കിലെടുത്തു വേണം കൂടിക്കാഴ്ചയുടെ സമയവും തീയതിയും നിശ്ചയിക്കാന്‍. ഉത്തരവ് ഇറങ്ങാന്‍ ഇനിയും വൈകിയാല്‍ സ്കൂള്‍ തുറക്കുന്നതിന് മുമ്പായി നിയമനം നടത്താന്‍ സാധിക്കില്ല. എല്‍പിഎസ്ടി, യുപിഎസ്ടി പിഎസ് സി ലിസ്റ്റിന്റെ കാലാവധി മേയ് 31ന് അവസാനിക്കുകയാണ്. ലിസ്റ്റിലുള്‍പ്പെട്ട നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ് ഒഴിവുകളുണ്ടായിട്ടും നിയമനം ലഭിക്കാതെ പുറത്തുപോകേണ്ടിവരുന്നത്. കഴിഞ്ഞവര്‍ഷം മേയ് 30നാണ് താത്കാലിക അധ്യാപക നിയമനത്തിനുള്ള ഉത്തരവ് ഇറങ്ങിയത്.
സ്കൂള്‍ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തീരുമാനങ്ങളായിട്ടില്ല. നിലവില്‍ രണ്ടുമാസത്തെ തുക കുടിശികയാണ്. മുന്‍കൂറായി പണം നല്‍കണമെന്ന ആവശ്യവുമായി പ്രഥമാധ്യാപക സംഘടനകള്‍ രംഗത്തുണ്ട്. പാചകത്തൊഴിലാളികളുടെ കുടിശികയും തീര്‍ത്തിട്ടില്ല. അധ്യയനവര്‍ഷാരംഭത്തിനു മുന്നോടിയായി ചെയ്തു തീര്‍ക്കേണ്ട വിഷയങ്ങളില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് കേരള ഗവണ്മെന്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോയിസേഷന്‍ സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷത വഹിച്ചു.