ക്രൈസ്തവരെ ആർക്കും പണയപ്പെടുത്തിയിട്ടില്ലെന്ന് കത്തോലിക്ക കോണ്ഗ്രസ് രാഷ്ട്രീയപ്രമേയം
Tuesday, May 20, 2025 2:17 AM IST
പാലക്കാട്: പള്ളിയോടൊപ്പം പള്ളിക്കൂടങ്ങൾ തുറന്ന് കേരളത്തിലെ വിദ്യാഭ്യാസരംഗത്തു വൻ കുതിച്ചുചാട്ടത്തിന് അടിസ്ഥാനമിട്ട് ജാതി-മത-വർഗ ഭേദമില്ലാതെ സമൂഹത്തിലെ മുഴുവൻ അധഃസ്ഥിതവിഭാഗത്തെയും മുഖ്യധാരയിലേക്ക് ഉയർത്തിയ ക്രൈസ്തവസഭയാണ് കേരളത്തിലെ നവോത്ഥാനത്തിന്റെ കാരണമെന്നും എന്നാൽ ഇന്നു ക്രൈസ്തവർ നിലനില്പിനായി പോരാടുകയാണെന്നും കത്തോലിക്ക കോൺഗ്രസ് രാഷ്ട്രീയപ്രമേയം.
കാർഷിക മേഖലയിലെ വിലത്തകർച്ച, വന്യജീവികളുടെ ആക്രമണം, കാലാവസ്ഥാവ്യതിയാനം എന്നിവമൂലം കാർഷികമേഖലയിൽനിന്നു കർഷകർ പിന്മാറുകയും യുവജനങ്ങൾ വിദേശത്തേക്കു കുടിയേറിപ്പാർക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്.
ക്രൈസ്തവസമുദായം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. ക്രൈസ്തവർ നേരിടുന്ന പ്രതിസന്ധികളുടെ മുന്പിൽ രാഷ്ട്രീയപാർട്ടികൾ മുഖംതിരിച്ചുനിൽക്കുകയാണെന്നും കത്തോലിക്ക കോണ്ഗ്രസ് അന്തർദേശീയ സമ്മേളനത്തിലെ രാഷ്ട്രീയപ്രമേയം അഭിപ്രായപ്പെട്ടു.
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞു. എന്നാൽ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിൽ വരുത്തുന്നതിൽ ഈ ഗവണ്മെന്റ് കടുത്ത നിസംഗത പാലിക്കുകയാണെന്നു പ്രമേയം കുറ്റപ്പെടുത്തി.
ക്രൈസ്തവരുടെ വോട്ടവകാശം വിവേകപൂർവം വിനിയോഗിക്കാൻ ക്രൈസ്തവർ തയാറാകുമെന്നു പ്രമേയം മുന്നറിയിപ്പുനൽകി. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ ആത്മാർഥമായി നടപ്പിൽ വരുത്തുന്നവരെയും നിലവിലുള്ള വന്യമൃഗ സംരക്ഷണ നിയമം പൊളിച്ചെഴുതി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അവകാശം കർഷകർക്കു നൽകുന്നവരെയും ന്യൂനപക്ഷ അവകാശങ്ങളും ആനുകൂല്യങ്ങളും ജനസംഖ്യാടിസ്ഥാനത്തൽ വിതരണം ചെയ്യുന്നവരെയും എല്ലാവിധ ലഹരികൾക്കുമെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നവരെയും ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം സംരക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പ്രോത്സാഹിപ്പിക്കാൻ കത്തോലിക്കാസഭ തയാറാകും.
സമുദായ ശക്തീകരണത്തിലൂടെ, രാഷ്ട്രത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയ പ്രവർത്തനത്തിലൂടെ രാജ്യത്തെ ശക്തിപ്പെടുത്തുമെന്നും കത്തോലിക്ക കോണ്ഗ്രസ് രാഷ്ട്രീയപ്രമേയം പ്രഖ്യാപിച്ചു.