സന്യസ്തർ പ്രേഷിത തീക്ഷ്ണതയുള്ളവരാകണം: മാർ സെബാസ്റ്റ്യൻ വടക്കേൽ
Tuesday, May 20, 2025 2:17 AM IST
കൊച്ചി: സന്യസ്തർ പ്രേഷിത തീക്ഷ്ണതയാൽ ജ്വലിക്കുന്നവരാകണമെന്ന് സീറോമലബാർ സഭയുടെ സമർപ്പിത സമൂഹങ്ങൾക്കും അപ്പസ്തോലിക സമൂഹങ്ങൾക്കും വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ ആഹ്വാനം ചെയ്തു.
കമ്മീഷന്റെ നേതൃത്വത്തിൽ സന്യാസ സമർപ്പണജീവിതത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന സീറോമലബാർ സഭയിലെ വിവിധ സന്യാസിനീ സമൂഹാംഗങ്ങളെ ആദരിക്കുന്നതിന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സന്യാസിനീ സമൂഹാംഗങ്ങളുടെ പ്രാർഥനയും ജീവിതസാക്ഷ്യവും സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിന് കരുത്തു പകരേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മാർ വടക്കേലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. അനുമോദനയോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. മാർ തോമാ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ ഡോ. റോസ്ലിൻ മുഖ്യപ്രഭാഷണം നടത്തി.
സഭാ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, കമ്മീഷൻ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, ഓഫീസ് സെക്രട്ടറി സിസ്റ്റർ ജിഷ ജോബ് എന്നിവർ പ്രസംഗിച്ചു. വിവിധ സന്യാസിനീ സമൂഹങ്ങളിലെ 150 ഓളം സമർപ്പിതർ സമ്മേളനത്തിൽ പങ്കെടുത്തു.