ഷഹബാസ് വധം: പ്രതികളുടെ പരീക്ഷാഫലം പുറത്തുവിടരുതെന്ന് കുടുംബം
Monday, May 19, 2025 2:08 AM IST
കോഴിക്കോട്: താമരശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ഫലം പുറത്തുവിടണമെന്ന ബാലാവകാശ കമ്മീഷന് ഉത്തരവ് പിന്‍വലിക്കണമെന്ന് കുടുംബം. ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ ബാലവകാശ കമ്മീഷന് പരാതി നല്കി. കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ഫലം വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവച്ചിരുന്നു.
വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകള്‍ ഉണ്ടെന്നും അക്രമവാസനകള്‍ വച്ചുപൊറുപ്പിക്കില്ലെന്നുമായിരുന്നു പരീക്ഷാഫലം തടഞ്ഞതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം. പ്രതികള്‍ക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയിരുന്നു. അതുകൊണ്ടാണ് പരീക്ഷ എഴുതാന്‍ അവസരം നല്‍കിയത്. എന്നാല്‍ അക്രമ വാസനകള്‍ വച്ചുപൊറുപ്പിക്കാനാകില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസള്‍ട്ട് തടഞ്ഞുവയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസ് വ്യക്തമാക്കിയിരുന്നു.