കള്ളപ്പരാതിയിൽ ദളിത് യുവതിയെ പോലീസ് കസ്റ്റഡിയിൽ വച്ചത് 20 മണിക്കൂർ
Tuesday, May 20, 2025 2:17 AM IST
തിരുവനന്തപുരം: കള്ളപ്പരാതിയിൽ കസ്റ്റഡിയിലെടുത്ത് 20 മണിക്കൂറിലധികം പോലീസ് സ്റ്റേഷനിൽ ക്രൂര മാനസികപീഡനത്തിനു ഇരയായ ദളിത് യുവതിക്കു മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു നേരിട്ടത് കടുത്ത അവഗണന.
തന്നെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയപ്പോൾ തന്റെ പരാതി വായിച്ചുനോക്കാൻ പോലും, പരാതി വാങ്ങിയ ഉദ്യോഗസ്ഥൻ തയാറായില്ലെന്നും നല്കിയ പരാതി മേശപ്പുറത്തേക്ക് ഇടുകയായിരുന്നുവെന്നും നെടുമങ്ങാട് ചുള്ളിയൂർ സ്വദേശിനിയായ ബിന്ദു പ്രതികരിച്ചു.
വീട്ടുജോലിക്കായി പോയ പേരൂർക്കടയിലെ വീട്ടിൽനിന്നു മാല മോഷണം പോയെന്ന പരാതിയിലാണ് കഴിഞ്ഞ മാസം 23നു നെടുമങ്ങാട് സ്വദേശിനിയായ യുവതിയെ പേരൂർക്കട പോലീസ് വിളിച്ചുവരുത്തി മണിക്കൂറുകളോളം സ്റ്റേഷനിൽ ചോദ്യംചെയ്യൽ നടത്തിയത്.
താൻ മോഷണം നടത്തിയിട്ടില്ലെന്നു യുവതി പോലീസിനോടു പറഞ്ഞിട്ടും പോലീസ് യുവതിയെ ഒരു ദിവസത്തോളം സ്റ്റേഷനിൽത്തന്നെ നിർത്തി. പരാതിക്കാർക്ക് വീട്ടിൽ നിന്നുതന്നെ മാല ലഭിച്ചതോടെയാണ് ചെയ്യാത്ത കുറ്റത്തിനു കസ്റ്റഡിയിലായ യുവതിയെ പോലീസ് വിട്ടയച്ചത്.
ബിന്ദു അന്പലമുക്കിലെ ഒരു വീട്ടിൽ ജോലിക്കു നിന്നപ്പോഴാണ് മാല മോഷണം പോയെന്നു കാട്ടി വീട്ടുകാർ പേരൂർക്കട പോലീസിൽ പരാതി നല്കിയത്. തുടർന്ന് ബിന്ദുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്നു ബിന്ദു പറഞ്ഞിട്ടും പോലീസ് അംഗീകരിക്കാൻ തയാറായില്ല.
പെണ്മക്കളെയും കേസിൽ പെടുത്തുമെന്ന ഭീഷണിയാണു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. സ്റ്റേഷനിൽവച്ച് കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനാണു ദളിത് യുവതിയോട് പേരൂർക്കട സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതെന്നും ബിന്ദു പറഞ്ഞു.
തന്നെ മോഷ്ടാവായി ചിത്രീകരിച്ച് കസ്റ്റഡിയിലെടുത്ത പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയുമായാണു കഴിഞ്ഞ ദിവസം യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്.
എന്നാൽ, പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാനാണു മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു നല്കിയ മറുപടിയെന്നു യുവതി പറഞ്ഞു. അഭിഭാഷകനൊപ്പമാണു മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.
എസ്ഐക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ദളിത് യുവതിയെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച എസ് ഐയെ സസ്പെൻഡ് ചെയ്ത് സർക്കാർ തലയൂരി. പേരൂർക്കട എസ്ഐ പ്രസാദിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
സ്പെഷൽ ബ്രാഞ്ച് നല്കിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. കന്റോണ്മെന്റ് എസിപിയുടെ വിശദ റിപ്പോർട്ടിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.