“തുള്ളി വെള്ളം പോലും തന്നില്ല”; പോലീസ് സ്റ്റേഷനിലെ പീഡനം വിവരിച്ച് ബിന്ദു
Tuesday, May 20, 2025 2:17 AM IST
ആർ. സി. ദീപു
നെടുമങ്ങാട്: കൂലിപ്പണിക്കാരനായ ഭർത്താവിനും രണ്ടു പെൺമക്കൾക്കും കൈത്താങ്ങായി വീട്ടുജോലിക്കിറങ്ങിയ ദളിത് യുവതിയായ പനവൂർ ആട്ടുകാൽ പാമ്പാടി തോട്ടരികത്തു വീട്ടിൽ ബിന്ദുവിന് (39) പേരൂര്‍ക്കട പോലീസ് സ്റ്റേഷനിൽനിന്നു നേരിടേണ്ടിവന്നത് ഒരു രാത്രിയും പകലും ക്രൂരമായ അപമാനവും മാനസികപീഡനവും.
ഈ മാസം ആദ്യം പേരൂർക്കട കുടപ്പനക്കുന്ന് ഭഗവതി നഗറില്‍ ഓമന ഡാനിയേലിന്റെ വീട്ടില്‍ ബിന്ദു വീട്ടു ജോലിക്കുപോയി. മൂന്നു ദിവസം മാത്രം ജോലി ചെയ്തു. വീട്ടിൽനിന്നു രണ്ടര പവന് സ്വര്‍ണം നഷ്ടമായെന്നും വീട്ടുജോലിക്കെത്തിയ ബിന്ദുവാണ് അതു മോഷ്ടിച്ചതെന്നും ആരോപിച്ച് ഓമന പേരൂര്‍ക്കട പോലീസില്‍ പരാതി നല്കി.
ജോലിക്കുനിന്ന വീട്ടില്‍നിന്നു രണ്ടര പവന്റെ സ്വര്‍ണമാല കാണാനില്ലെന്ന് പറഞ്ഞാണ് വീട്ടിലേക്കു പോകാൻ ബസ് കാത്തുനിന്ന ബിന്ദുവിനെ പേരൂര്‍ക്കട പോലീസ് പിടിച്ചുകൊണ്ടുപോയത്. വൈകുന്നേരം മൂന്നോടെയാണ് സ്റ്റേഷനിലെത്തിച്ചത്. അപ്പോള്‍ മുതല്‍ താൻ നിരപരാധിയാണെന്നും മാല മോഷ്ടിച്ചില്ല എന്നും പോലീസുകാരോട് പറഞ്ഞിട്ടും ആരും കേട്ടില്ല എന്ന് കണ്ണീരോടെ ബിന്ദു ദീപികയോടു പറഞ്ഞു. “രാത്രി ഏഴോടെ വനിതാപോലീസിനെ വിളിച്ചുവരുത്തി എന്നെ വിവസ്ത്രയാക്കി പരിശോധന നടത്തി. എന്നിട്ടും മാല കിട്ടിയില്ല.
സിഐയും എസ്ഐയും ഉള്‍പ്പെടെയുള്ള പോലീസുകാരെല്ലാം കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചു. രാത്രി വൈകിയപ്പോൾ ഞാന്‍ സ്റ്റേഷനില്‍ ഉണ്ടെന്നുള്ള വിവരം വീട്ടിലുള്ള പെണ്മക്കളെ വിളിച്ചറിയിക്കാന്‍ പോലും ഫോണ്‍ തന്നില്ല. ഒടുവില്‍ രാത്രി പനവൂരിലെ വീട്ടിലെത്തിച്ച് പോലീസ് മാലയ്ക്കായി പരിശോധന നടത്തി. അവിടെനിന്ന് ഒന്നും കിട്ടിയില്ല. തിരിച്ച് വീണ്ടും പേരൂര്‍ക്കട സ്റ്റേഷനിലെത്തിച്ചു.
കുടിക്കാന്‍ ഒരു തുള്ളി വെള്ളം ചോദിച്ചിട്ട് തന്നില്ല. ഒടുവില്‍ മൂത്രം ഒഴിക്കാൻ പോകണമെന്നു വാശിപിടിച്ചപ്പോള്‍ വനിതാപോലീസ് കക്കൂസിൽ കൊണ്ടാക്കി. വെള്ളം കുടിക്കാനുള്ള പരവേശത്തോടെ ബക്കറ്റില്‍ നോക്കിയപ്പോള്‍ ഒരുതുള്ളി വെള്ളം പോലുമില്ല. അതും പോലീസുകാര്‍ തറയില്‍ ഒഴിച്ചുകളഞ്ഞിരുന്നു.
പുലര്‍ച്ചെ മൂന്നുവരെ സ്റ്റേഷനില്‍ തന്നെയിരുത്തി. ഇതിനിടെ വന്നതും പോയതുമായ മുഴുവന്‍ പോലീസുകാരും തന്റെ ജാതി പറഞ്ഞും നിറത്തെ അപമാനിച്ചും അസഭ്യവര്‍ഷം നടത്തുകയായിരുന്നു. പ്രതികരിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ലെന്ന് ബിന്ദു പറഞ്ഞു. അടുത്ത ദിവസം രാവിലെ എട്ടരയോടെ പരാതിക്കാരിയായ ഓമന സ്റ്റേഷനിലെത്തി. വീട്ടില്‍നിന്നുതന്നെ സ്വര്‍ണം തിരികെ കിട്ടിയെന്ന വിവരം പോലീസിനെ അറിയിച്ചു.
ഇതിനു പിന്നാലെ എസ്ഐ പ്രസാദ് അയാളുടെ മുറിയിലേക്ക് എന്നെ വിളിച്ചു. നിന്റെ മക്കളേയോര്‍ത്ത് പരാതി അവര്‍ പിന്‍വലിക്കുകയാണെന്ന് പറഞ്ഞു. അതിനിടെ ഓമന മൂന്നു ദിവസത്തെ ശമ്പളംവച്ചു നീട്ടി. അത് ഗതികേട് കൊണ്ട് വാങ്ങി’’-ബിന്ദു കരഞ്ഞുകൊണ്ട് പറഞ്ഞു.
തന്റെ ഫോണ്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉച്ചയ്ക്ക് 12വരെ പേരൂര്‍ക്കട എസ്ഐ സ്റ്റേഷനില്‍ നിര്‍ത്തി. ബിന്ദുവിനെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആര്‍ പോലീസ് പിന്‍വലിച്ചു, പരാതിക്കൊന്നും പോകാൻ മെനക്കെടരുതെന്നു പോലീസുകാർ പറഞ്ഞെന്നും ബിന്ദു ദീപികയോട് പറഞ്ഞു. കൂലിപ്പണിക്കാരനാണ് ഭർത്താവ് പ്രദീപ്. മൂത്ത മകൾ പ്രവീണ തൊളിക്കോട് ഗവ. എച്ച്എസ്എസിൽ രണ്ടാം വർഷ ബയോ സയൻസ് വിദ്യാർഥിനിയാണ്. ഇളയമകൾ ശാലിനി. ആനാട് എസ്എൻവിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
ഇഷ്ടദാനം ലഭിച്ച ആറു സെന്റ് പുരയിടത്തിൽ വാമനപുരം ബ്ലോക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച വീട്ടിൽ താമസമാക്കിയിട്ട് ഒരു വർഷമായിട്ടേയുള്ളൂ.
മഴ പെയ്താൽ കര കവിയുന്ന തോട്ടിൻ കരയിലെ കൊച്ചുവീട്ടിലെത്താൻ ഒരു നടവഴി പോലുമില്ല ഈ കുടുംബത്തിന്. പോലീസ് സ്റ്റേഷനിൽ ഇവർക്ക് നേരിടേണ്ടി വന്ന കൊടും ക്രൂരത തിരിച്ചറിഞ്ഞതോടെ പൊതു പ്രവർത്തകരും നാട്ടുകാരും സഹായഹസ്തവുമായി ഇവരെ തേടി എത്തുന്നുണ്ട്.