ലഹരിമുക്ത സമൂഹത്തിനായുള്ള കെഎസ്എഫ്ഇയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: മന്ത്രി ആർ. ബിന്ദു
Tuesday, May 20, 2025 12:00 AM IST
തൃശൂർ: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാന്പയിന്റെ ഭാഗമായി കെഎസ്എഫ്ഇ തൃശൂർ മേഖലാ കാര്യാലയത്തിന്റെ നേതൃത്വത്തിൽ ടൗൺ ഹാളിൽ കുടുംബസംഗമവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സംഗമത്തിനു മുന്നോടിയായി സംഘടിപ്പിച്ച ബൈക്ക് റാലി കെഎസ്എസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ ഫ്ലാഗ് ഓഫ് ചെയ്തു.
ലഹരിവിരുദ്ധ സമ്മേളനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. ലഹരിവിപത്തിനെതിരേ ജനചേതന ഉണർത്തുന്നതിൽ കെഎസ്എഫ്ഇയെപ്പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിശ്രമങ്ങൾ ശ്ലാഘനീയമാണെന്നു മന്ത്രി പറഞ്ഞു.
കെഎസ്എഫ്ഇ ഡയറക്ടർ ടി. നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ, തൃശൂർ മേഖലാ കാര്യാലയം മേധാവി ജോൺ ഡെന്നിസൺ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ ബൈജു ആന്റണി, ഇ.എൻ. നിപുൺ, സി. കേശവകുമാർ, ടി.ആർ. അനൂപ് എന്നിവർ പ്രസംഗിച്ചു.
കോലഴി റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.സി. ജോസഫ് ക്ലാസ് നയിച്ചു. കെഎസ്എഫ്ഇ ജീവനക്കാരും ഏജന്റുമാരും അപ്രൈസർമാരും കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു.
നാളേക്ക്, നല്ലതിനായി എന്ന പേരിലുള്ള കെഎസ്എഫ്ഇയുടെ ലഹരിവിരുദ്ധ കാന്പയിൻ എല്ലാ മേഖലകളിലും നടക്കുകയാണെന്നു മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ അറിയിച്ചു.