കോഴിക്കോട് വസ്ത്ര ഗോഡൗണിലെ തീപിടിത്തം: നിർമാണത്തിൽ അപാകതയെന്ന് സൂചന
Monday, May 19, 2025 2:08 AM IST
കോഴിക്കോട്: കോഴിക്കോട് തീപിടിത്തമുണ്ടായ കടകള്‍ക്കുള്ളിലേക്ക് വെള്ളം ചീറ്റിക്കാനുള്ള സംവിധാനം കെട്ടിടത്തില്‍ ഇല്ലാതിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണമെന്ന് സൂചന. ഇത് കെട്ടിടത്തിന്റെ രൂപകല്പനയിലുള്ള വീഴ്ചയാണെന്ന് സ്ഥലത്തെത്തിയ കളക്ടർ, എംഎല്‍എ അടക്കമുള്ളവര്‍ സൂചിപ്പിച്ചു.
ഈ വിഷയം പരിശോധിക്കുമെന്നും കളക്ടർ സൂചിപ്പിച്ചു. തീ ആളിക്കത്തുന്നതിനിടെ, സമീപത്തുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ ഫയര്‍ഫോഴ്സ് സ്വീകരിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തീപിടിത്തമുണ്ടായ ഉടനെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ പൂര്‍ണമായും മാറ്റി. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ബസ് സ്റ്റാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുത്ത് ആളുകളെ ഒഴിപ്പിച്ചു. കളക്ടറും ഐജിയും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പല സ്ഥലങ്ങളിലും ഉള്ളിലേക്കു കടക്കാന്‍ കഴിയാത്ത വിധമാണ് കെട്ടിടത്തിന്റെ നിര്‍മാണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സൂചിപ്പിച്ചു. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സായിട്ടും ഇവിടെ നിയമം അനുശാസിക്കുംവിധമുള്ള അഗ്നിശമന സംവിധാനങ്ങള്‍ ഇല്ലെന്നത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഇതിനു മുമ്പ് 2007ല്‍ മിഠായിത്തെരുവിലുണ്ടായ തീപിടിത്തമാണ് കോഴിക്കോടിനെ നടുക്കിയ മറ്റൊരു ദുരന്തം. അന്ന് എട്ടുപേരാണ് മരിച്ചത്.