ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം: അന്തിമ തീരുമാനം ഉടന്‍
Tuesday, May 20, 2025 2:17 AM IST
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: കെപിസിസി തലപ്പത്ത് അഴിച്ചു പണി നടന്നതിനു പിന്നാലെ ഡിസിസി തലപ്പത്തെ അഴിച്ചുപണിയിലും വരും ദിവസങ്ങളില്‍തന്നെ തീരുമാനമുണ്ടാകും. അടുത്ത ഇടയ്ക്ക് പുതിയ പ്രസിഡന്റിനെ നിയമിച്ച തൃശൂര്‍ ഒഴികെയുള്ള 13 ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കും പുതിയ ആളുകള്‍ വരുമോ അതോ 10 ഡിസിസികളില്‍ പുതിയ അധ്യക്ഷന്മാരെയും ബാക്കി മൂന്നിടങ്ങളില്‍ നിലവിലുള്ള ആളുകള്‍ തുടരുമോ എന്നതാണ് അറിയേണ്ടത്.
സണ്ണി ജോസഫ് കെപിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ മുതിര്‍ന്ന നേതാക്കളുമായി ഇക്കാര്യങ്ങളില്‍ ആശയവിനിമയം നടക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും പെട്ടെന്നുതന്നെ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം ഉണ്ടാവണമെന്നതാണു പാര്‍ട്ടിക്കുള്ളില്‍ പൊതുവെ ഉള്ള നിലപാട്.
ഈ മാസം 22ന് നടക്കുന്ന കെപിസിസി യോഗത്തില്‍ നിലവില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ കെപിസിസി അധ്യക്ഷന്‍തന്നെ വിശദമാക്കും. തദ്ദേശ തെരഞ്ഞെടുപ്പിനു വളരെക്കുറച്ച് സമയം മാത്രമുള്ള സാഹചര്യത്തില്‍ ഏറ്റവും വേഗത്തില്‍ ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തില്‍ തീരുമാനം വേണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. മിക്ക ജില്ലകളിലും പ്രസിഡന്റുമാരാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയും തയാറായി.
സാമുദായിക, സ്ത്രീ പ്രാതിനിധ്യം ഉള്‍പ്പെടെയുള്ളവ പരിഗണച്ചുള്ള പട്ടികയ്ക്കാണു നീക്കം. തിരുവനന്തപുരം പോലുള്ള ജില്ലകളില്‍ ശക്തനായ ആളിനെ പ്രസിഡന്റ് സ്ഥാനത്തേക്കു എത്തിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
എല്ലാ ദിവസവും പാര്‍ട്ടി പരിപാടികളും സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെയുള്ളവയും നടത്താന്‍ ചുക്കാന്‍ പിടിക്കേണ്ടത് തലസ്ഥാന ജില്ലയിലെ ഡിസിസിയാണ്. അതിനാല്‍ അത്തരം ഇടപെടലുകൾകൂടി നടത്താന്‍ പറ്റുന്ന വ്യക്തിയെയാവണം തിരുവനന്തപുരത്ത് പരിഗണിക്കേണ്ടതെന്ന ആവശ്യവും ഉയരുന്നുണ്ട്. മുന്‍ മന്ത്രി, മുന്‍ എംഎല്‍എ തുടങ്ങിയവരുടെ പേരുകള്‍ സാധ്യതാ പട്ടികയില്‍ സജീവമാണ്.
10 ജില്ലകളിലെ പ്രസിഡന്റുമാരെ മാറ്റുകയും മൂന്നു ജില്ലകളില്‍ നിലനിര്‍ത്തുകയും ചെയ്താല്‍ അത് ചില ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്നും ഈ സാഹചര്യത്തില്‍ തൃശൂര്‍ ഒഴികെയുള്ള 13 ജില്ലകളിലേക്കും പുതിയ ആളുകള്‍ പ്രസിഡന്റായി വരട്ടേയെന്ന അഭിപ്രായവും ഉയര്‍ന്നു.
കെപിസിസി പ്രസിഡന്റു മാറ്റം പോലെ ഡിസിസി അഴിച്ചുപണി നീട്ടിക്കൊണ്ടുപോയി മാധ്യമ ചര്‍ച്ചയ്ക്ക് ഇടം കൊടുക്കരുതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.