നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത തകര്‍ന്നുവീണു
Tuesday, May 20, 2025 2:17 AM IST
വേങ്ങര (മലപ്പുറം): നിർമാണത്തിലിരുന്ന ആറുവരി ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്കു തകര്‍ന്ന് വീണു. അപകടത്തില്‍ നാലു കാറുകൾ തകർന്നു. എട്ടു യാത്രക്കാര്‍ക്കു പരിക്കേറ്റു. കോഴിക്കോട്- തൃശൂര്‍ ദേശീയപാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം.
കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. അര കിലോ മീറ്ററോളം ദൂരത്തില്‍ റോഡ് തകര്‍ന്നു.
സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന ഒരു കാറിനു മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. വിവാഹ പാര്‍ട്ടി സഞ്ചരിച്ച രണ്ടു കാറുകളുള്‍പ്പെടെ നാലു കാറുകളാണ് അപകടത്തില്‍ പെട്ടത്.
കുട്ടികളുള്‍പ്പെടെ എട്ടു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കാര്‍ യാത്രക്കാരായ വെളിമുക്ക് സൗത്ത് മൂന്നിയൂര്‍ കൊല്ലഞ്ചേരി ഷംസുദ്ദീൻ (54), ഭാര്യ റസിയ (49), മകള്‍ നജ ഫാത്തിമ (15), മരുമകള്‍ റിഷാന (22), ഇവരുടെ മകന് ഐദിൻ ഹാഷിഫ് (മൂന്ന്), ഷംസുദ്ദീന്റെ സഹോദരി നസീമ, നസീമയുടെ മക്കളായ അഫ്രിന് ഫാത്തിമ, മെഹറിന് ഫാത്തിമ എന്നിവര്‍ക്കാണു പരിക്കേറ്റത്.
ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ആറുവരി പാതയില്‍ തൃശൂര്‍ ഭാഗത്തേക്കു മാത്രമാണ് ഇവിടെ തുറന്നുകൊടുത്തിട്ടുള്ളത്. കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ വയല്‍ കഴിയുന്നതു വരെ സര്‍വീസ് റോഡ് വഴിയാണ് കടന്നുപോകുന്നത്. ഉച്ചയ്ക്ക് വാഹനങ്ങള്‍ കുറവുള്ള സമയത്താണ് റോഡ് ഇടിഞ്ഞുവീണത്. അതുകാരണം വലിയ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ദേശീയപാത വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
മറ്റു റോഡുകളിലൂടെയാണു വാഹനങ്ങള്‍ കടത്തിവിട്ടത്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനിടയാക്കിയതെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാര്‍ റോഡില്‍ ഉപരോധം നടത്തി. വേങ്ങര എസ്എച്ച്ഒ രാജേന്ദ്രൻ നായരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. അപകടത്തില്‍പ്പെട്ട കാറുകള്‍ ഏറെ സാഹസപ്പെട്ടാണു മാറ്റിയത്.