റിസർവ് വനഭൂമി ; സുപ്രീംകോടതി വിധി കേരളത്തിനും നിർണായകം
Tuesday, May 20, 2025 2:17 AM IST
കോട്ടയം: മഹാരാഷ്ട്രയിലെ വനമേഖലയില്‍ ബഹുനിലക്കെട്ടിടം പണിയുന്നതു സംബന്ധിച്ച കേസിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നടത്തിയ സുപ്രധാന വിധിന്യായം കേരളത്തിനും നിർണായകം.
വനത്തേക്കാളേറെ വനാവരണമുള്ളതും വനവിസ്തൃതിയെ സംബന്ധിച്ച് റവന്യു, വനം വകുപ്പുകൾ തമ്മിൽ പതിറ്റാണ്ടുകളായി തര്‍ക്കം നില്ക്കുന്നതുമായ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ വനാതിര്‍ത്തി പഞ്ചായത്ത്, വില്ലേജ്, താലൂക്ക്, ജില്ല അടിസ്ഥാനത്തില്‍ പോലും നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടുമില്ല.
ഈ സാഹചര്യത്തിൽ സുപ്രീംകോടതി ഈ മാസം 15ന് പുറപ്പെടുവിച്ച വിധി ലക്ഷക്കണക്കിന് ചെറുകിട ഭൂവുടമസ്ഥരെയും വീട്ടുടമസ്ഥരെയും പ്രതികൂലമായി ബാധിക്കും. ഈ കേസില്‍ കേരളം നേരിട്ട് കക്ഷിയല്ലെങ്കിലും കോടതിയുടെ ഉത്തരവ് മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കിയിണ്ട്.
ഈ വിധിന്യായത്തിലെ 92-ാം ഖണ്ഡികയില്‍ കോടതി കണ്ടെത്തിയത് മുമ്പെങ്ങോ വനമായി പ്രഖ്യാപിച്ച വളരെയേറെ ഭൂമി റവന്യു വകുപ്പിന്റെ നിയന്ത്രണത്തിലാണെന്നും റവന്യുവകുപ്പ് അത് വനംവകുപ്പിന് നല്‍കാതെ റവന്യു വകുപ്പിന്റെ നിയന്ത്രണത്തില്‍ നിലനിര്ത്തിയിരിക്കുകയാണെന്നുമായിരുന്നു.
അത്തരം വനഭൂമി അടിയന്തരമായി റവന്യു വകുപ്പ് വനംവകുപ്പിന് കൈമാറണമെന്ന് വിധിയിൽ പറയുന്നു. മറ്റു സംസ്ഥാനങ്ങളിലും റവന്യുവകുപ്പ് കൈവശം വച്ചിരിക്കുന്ന വനഭൂമിയായി റിക്കാര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്ന മുഴുവന്‍ ഭൂമിയും വനംവകുപ്പിന് കൈമാറണമെന്നും ഉത്തരവിലുണ്ട്.
വിധിന്യായത്തിന്റെ 93-ാം ഖണ്ഡികയില്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി ഇത്തരം നിരവധി ഭൂമികള്‍ രാജ്യത്തൊട്ടാകെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി നല്‍കിയിട്ടുണ്ടെന്നും 1996 ഡിസംബര്‍ 12ന് തന്നെ ഇതേ കേസില്‍ സുപ്രീംകോടതി കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ 12.12.1996 ഡിസംബർ 12ന് ശേഷം മഹാരാഷ്ട്രയില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിതരണം ചെയ്ത വനഭൂമിക്കൊന്നും സ്വകാര്യ വ്യക്തികള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മേല്‍ സാഹചര്യത്തില്‍ വനേതര ആവശ്യങ്ങള്‍ക്കായി നല്കിയ വനഭൂമി തിരിച്ചെടുക്കാന്‍ സാധിക്കുന്നിടത്തൊക്കെ തിരിച്ചെടുത്ത് വനവത്കരണത്തിന് നല്‍കണമെന്ന് 94-ാം ഖണ്ഡികയില്‍ സുപ്രീംകോടതി വ്യക്തമാക്കുന്നു.
ഉപസംഹാരമായി 95-ാം ഖണ്ഡികയില്‍ കോടതി നിര്‍ദേശിച്ചത് ഏഴു കാര്യങ്ങളാണ്. അതില്‍ 5, 6, 7 നമ്പര്‍ നിര്‍ദേശങ്ങളും ഉത്തരവുകളും രാജ്യത്തെ മൊത്തം സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്.
സുപ്രീംകോടതി വിധിയിലെ സുപ്രധാന നിർദേശം
► എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ റവന്യു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റിസര്‍വ് വനഭൂമി വനേതര ആവശ്യങ്ങള്‍ക്കായി സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമുകളെ നിയോഗിക്കണം.
► റിസര്‍വ് വനഭൂമി കൈവശം വച്ചിരിക്കുന്നവരില്‍നിന്ന് ആ ഭൂമി തിരിച്ചുപിടിച്ച് അത് വനംവകുപ്പിനെ തിരികെ ഏല്‍പ്പിക്കണം. തിരിച്ചെടുക്കല്‍ പൊതുജന താത്പര്യപ്രകാരം അസാധ്യമാണെന്ന് സംസ്ഥാന സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആ ഭൂമിയുടെ വില അതിന്റെ നിലവിലെ ഉടമസ്ഥരില്‍നിന്ന് ഈടാക്കി വനവത്കരണത്തിനായി വനം വകുപ്പിനെ ഏല്‍പ്പിക്കണം.
► മേല്പറഞ്ഞ ഏറ്റെടുക്കലുകള്‍ സാധ്യമാകുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും മുഴുവന്‍ റിസര്‍വ് വനഭൂമി ഏറ്റെടുക്കലും ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയും വേണം.