ലോറിയും സ്കൂട്ടറും കൂട്ടയിടിച്ച് നവവധു മരിച്ചു
Monday, May 19, 2025 2:08 AM IST
അരൂർ: ട്രെയിലർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്രചെയ്തിരുന്ന നവവധുവിന് ദാരുണാന്ത്യം. അരൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ തച്ചാറയിൽ ജോമോന്റെ ഭാര്യ എസ്തർ (27)ആണ് മരിച്ചത്.
ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിൽ ഇന്നലെ രാവിലെ 9.30 ഓടെ ആയിരുന്നു അപകടം. സ്കൂട്ടറിൽ ജോമോനു പിന്നിലിരുന്ന് പോകുന്പോഴാണ് അപകടത്തിൽപ്പെട്ടത്. ജോമോൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.
റോഡിൽ തെറിച്ചുവീണ എസ്തറിന്റെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അരൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിൽ.