അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ഇഡി
Tuesday, May 20, 2025 12:00 AM IST
കൊച്ചി: ഇഡി ഉദ്യോഗസ്ഥനെ പ്രതിയാക്കിയുള്ള വിജിലന്‍സ് കേസില്‍ ഔദ്യോഗിക പ്രതികരണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പരാതിക്കാരനായ അനീഷ് ബാബു ഇഡിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണു നടത്തുന്നതെന്ന് ഇഡി പ്രതികരിച്ചു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇയാള്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പിഎംഎല്‍എ) കേസന്വേഷണം അട്ടിമറിക്കാന്‍ വേണ്ടിയാണിത്. അന്വേഷണത്തില്‍നിന്നും നിയമനടപടികളില്‍നിന്നും ശ്രദ്ധതിരിക്കാന്‍വേണ്ടി അനീഷ് ബാബു മാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും ഇഡി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ മാധ്യമങ്ങളിലൂടെ പറയുന്നത്. ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസിലെ പ്രതിയാണ് അനീഷ് ബാബു. ഇയാളെ കൂടാതെ ഇയാളുടെ അച്ഛനും അമ്മയും കേസില്‍ പ്രതികളാണ്. അനീഷ് ബാബുവിനും മാതാപിതാക്കള്‍ക്കുമെതിരേ കൊട്ടാരക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത അഞ്ചോളം വ്യത്യസ്ത കേസുകളുടെ തുടര്‍ച്ചയായാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.
കൊട്ടാരക്കരയിലെ വാഴവിള കാഷ്യൂസ് എന്ന സ്ഥാപനം വഴി വിദേശത്തുനിന്ന് കുറഞ്ഞ വിലയ്ക്ക് കശുവണ്ടി ഇറക്കുമതി ചെയ്യാമെന്നു വാഗ്ദാനം ചെയ്ത് നിരവധിയാളുകളെ വഞ്ചിച്ചതായാണു കേസ്. 2021 ലാണ് ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ഇഡി മുമ്പാകെ ഹാജരാകാന്‍ രണ്ടുതവണ സമന്‍സ് അയച്ചെങ്കിലും ഇവര്‍ എത്തിയില്ല. മൂന്നാം തവണ ഇവര്‍ ഹാജരായെങ്കിലും തങ്ങളോടു സഹകരിക്കാതിരിക്കുകയും ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതിരിക്കുകയുമായിരുന്നു.
ഈ കേസിലുള്‍പ്പെടെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അനീഷ് ബാബു മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ സമര്‍പ്പിച്ചെങ്കിലും അവയെല്ലാം കോടതികള്‍ നിരസിച്ചു. ഇതോടെയാണ് ഇയാള്‍ ഇഡിയെ അപകീര്‍ത്തിപ്പെടുത്താന്‍ കൈക്കൂലി ആരോപണവുമായി രംഗത്തെത്തിയതെന്നും നീതിയുക്തവും നിഷ്പക്ഷവുമായ ഏതൊരു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഇഡി വ്യക്തമാക്കി.