ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി
Tuesday, May 20, 2025 2:18 AM IST
ന്യൂഡൽഹി: ഔദ്യോഗിക വസതിയുടെ ഗോഡൗണിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സമ്മതിച്ച് സുപ്രീംകോടതി.
ഹർജിയിലെ പോരായ്മകൾ പരിഹരിച്ചാൽ കേസ് ഇന്നു പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് ബി. ആർ. ഗവായ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജിക്കാരനും അഭിഭാഷകനുമായ മാത്യൂസ് ജെ. നെടുന്പാറയോട് പറഞ്ഞു.
കേസിൽ അടിയന്തര വാദം ആവശ്യപ്പെട്ടെങ്കിലും ഹർജിയിൽ പോരായ്മകളുണ്ടെന്നു ചൂണ്ടിക്കാട്ടി ഹർജി പരിഗണിക്കാൻ കോടതി നേരത്തേ വിസമ്മതിച്ചിരുന്നു.
ജസ്റ്റീസ് വർമയെ നീക്കം ചെയ്യണമെന്ന് മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന കഴിഞ്ഞ എട്ടിന് കേന്ദ്രത്തോടു ശിപാർശ ചെയ്തിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ശിപാർശ.
ജസ്റ്റീസ് വർമ രാജി വയ്ക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.
ജസ്റ്റീസ് വർമയുടെ വാദങ്ങൾക്ക് എതിരായിരുന്നു മൂന്നംഗ അന്വേഷണസമിതി സമർപ്പിച്ച ആഭ്യന്തര റിപ്പോർട്ട്.