എതിരഭിപ്രായങ്ങളെ ബിജെപി ഭയക്കുന്നു: കോൺഗ്രസ്
Tuesday, May 20, 2025 2:18 AM IST
ന്യൂഡൽഹി: നിലവിലെ സംഭവവികാസങ്ങളുടെ മറവിൽ സ്വേച്ഛാധിപത്യം വളർത്തിയെടുക്കാൻ കഴിയുമെന്ന് ബിജെപി കരുതരുതെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
‘ഓപ്പറേഷൻ സിന്ദൂറു’മായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയ അശോക സർവകലാശാല പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രഫസർ അലി ഖാൻ മഹ്മൂദാബാദിന്റെ അറസ്റ്റിനെ അപലപിച്ച് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് ഖാർഗെ ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങൾക്കു താത്പര്യമില്ലാത്ത അഭിപ്രായത്തെ ബിജെപി എത്രമാത്രം ഭയക്കുന്നുവെന്നതിനു തെളിവാണ് മഹ്മൂദാബാദിന്റെ അറസ്റ്റെന്ന് ഖാർഗെ ആരോപിച്ചു.
ദേശീയതാത്പര്യം പരമപ്രധാനമായിരിക്കുന്പോൾ, സായുധസേനയെയും സർക്കാരിനെയും പിന്തുണയ്ക്കുന്നു എന്നതിനർഥം നമുക്ക് സർക്കാരിനെ ചോദ്യം ചെയ്യാൻ കഴിയില്ല എന്നല്ല. ദേശീയ ഐക്യമാണ് കോണ്ഗ്രസ് പാർട്ടി മുന്നോട്ടുവയ്ക്കുന്നത്.
വ്യക്തിഹത്യ, അധിക്ഷേപം, പരിഹാസം, നിയമവിരുദ്ധമായ അറസ്റ്റ്, പ്രതികാര നടപടി എന്നിവയക്കായി സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനെ കോണ്ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും ഖാർഗെ പറഞ്ഞു.
സൈന്യത്തിനു നേരേ വെറുപ്പുളവാക്കുന്ന പ്രസ്താവനകൾ നടത്തിയ ബിജെപി മന്ത്രിമാരെ പുറത്താക്കുന്നതിനു പകരം കാരണങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കാനാണു ശ്രമിക്കുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി.
സായുധസേനയിലെ വനിതാ ഉദ്യോഗസ്ഥരെ വലതുപക്ഷം പ്രശംസിക്കുകയും വിദ്വേഷ കുറ്റകൃത്യങ്ങളെയും അനീതികളെയും കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നതിനെ ‘കാപട്യ’മെന്നു ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന്റെ പേരിലാണ് മഹ്മൂദാബാദിനെ ഹരിയാന പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി ഇന്നോ നാളെയോ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിഷയം ഉടൻ പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടപ്പോഴാണു ഹർജി പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയത്.