ചാരവൃത്തി: രണ്ടാഴ്ചയ്ക്കിടെ പിടിയിലായത് 12 പേർ
Tuesday, May 20, 2025 2:18 AM IST
ചണ്ഡിഗഡ്/ലക്നോ: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ 12 പേരെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽനിന്നു പോലീസ് പിടികൂടി.
ആറു പേർ പഞ്ചാബിൽനിന്നും ഒരാൾ ഹരിയാനയിൽനിന്നുമാണ് വലയിലായത്. ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ ബന്ധമുള്ള ചാരവലയത്തിന്റെ കണ്ണികളാണിവരെന്നാണു നിഗമനം.
ഒരു യുട്യൂബർ ഉൾപ്പെടെ, പിടിയിലായ രണ്ട് സ്ത്രീകൾ പാക്കിസ്ഥാനി നയതന്ത്ര ഉദ്യോഗസ്ഥൻ എഹ്സാൻ ഉർ റഹീമുമായി അടുപ്പം പുലർത്തിയിരുന്നു. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഏജന്റ് എന്നു സംശയിക്കപ്പെടുന്നയാളെ രാംപുരിൽനിന്ന് ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സാണ് പിടികൂടിയത്.
ആർമി കന്റോൺമെന്റ് മേഖലയിലെ ഫോട്ടോകൾ ഐഎസ്ഐക്ക് ചോർത്തി നൽകിയ ഫലക് ഷേർ മാസിഹ്, സൂരജ് മാസിഹ് എന്നിവരെ പഞ്ചാബ് പോലീസ് അമൃത്സറിൽനിന്നും മേയ് നാലിനുപിടികൂടിയിരുന്നു.
ഹരിയാനയിൽ നിന്നും പിടിയിലായ ഒരാൾ സെക്യൂരിറ്റി ഗാർഡും മറ്റൊരാൾ പിജി വിദ്യാർഥിയുമാണെന്നാണു വിവരം.