പ്രതിനിധിസംഘം: തരൂരിനു വിലങ്ങിടാതെ കോണ്‍ഗ്രസ്
Monday, May 19, 2025 1:40 AM IST
ന്യൂഡൽഹി: വിദേശരാജ്യങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ നിയോഗിക്കുന്നതിൽ വിലങ്ങുതടിയാകാതെ കോണ്‍ഗ്രസ് നേതൃത്വം.
മോദി സർക്കാരിന്റെ നിർദേശപ്രകാരം പ്രതിനിധി സംഘത്തിലുൾപ്പെട്ട നാല് കോണ്‍ഗ്രസ് നേതാക്കളും വിദേശത്തേക്ക് സഞ്ചരിച്ച് അവരുടേതായ സംഭാവനകൾ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം തലവനുമായ ജയ്റാം രമേശ് പ്രസ്താവന നൽകി. എന്നാൽ പ്രധാനമന്ത്രി അധ്യക്ഷനായ സർവകക്ഷി യോഗം, പാർലമെന്റിന്റെ പ്രത്യേക സമ്മേളനം എന്നീ കോണ്‍ഗ്രസ് ആവശ്യങ്ങളിൽനിന്ന് ഈ പ്രതിനിധികൾ വ്യതിചലിക്കരുതെന്നും ജയ്റാം രമേശിന്റെ താക്കീതുണ്ട്.
പ്രതിനിധി സംഘത്തിലേക്കയക്കാൻ കോണ്‍ഗ്രസ് നിർദേശിച്ച നാല് പേരുകളിൽനിന്ന് ആനന്ദ് ശർമയുടെ പേര് മാത്രം കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത പശ്ചാത്തലത്തിലാണ് മോദി സർക്കാർ നിർദേശിച്ച കോണ്‍ഗ്രസ് നേതാക്കൾക്ക് വിദേശത്തേക്കു പോകുന്നതിന് തടസമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുന്നത്. പാർലമെന്ററി ജനാധിപത്യത്തിന്റെ സംസ്കാരം കോണ്‍ഗ്രസ് ഉയർത്തിപ്പിടിക്കുമെന്നും ദേശീയ സുരക്ഷാ വിഷയത്തിൽ ബിജെപിയുടേതുപോലെ കോണ്‍ഗ്രസ് കക്ഷി രാഷ്ട്രീയം കളിക്കില്ലെന്നും ജയ്റാം പറഞ്ഞു.
ഈ മാസം 16നു രാവിലെ മോദി സർക്കാർ പ്രതിനിധി സംഘത്തിലേക്കയയ്ക്കാൻ നാലു കോണ്‍ഗ്രസ് നേതാക്കളുടെ പേരുകൾ നൽകാൻ ആവശ്യപ്പെട്ടുവെന്നും ഈ നാല് പേരുകൾ ലോക്സഭാ പ്രതിപക്ഷ നേതാവ് പാർലമെന്ററികാര്യ മന്ത്രിക്ക് ഉച്ചയോടെ നൽകിയിരുന്നുവെന്നും ജയ്റാമിന്റെ പ്രസ്താവനയിൽ പറയുന്നു. 17നു രാത്രിയോടെ പ്രതിനിധികളുടെ പൂർണ പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടു. കോണ്‍ഗ്രസ് നേതൃത്വം നിർദേശിച്ച നാലിൽ ഒരാൾ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടതെന്നും ഗുരുതരമായ ദേശീയ വിഷയങ്ങളിൽ മോദി സർക്കാരിന്റെ തരംതാണ രാഷ്ട്രീയമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജയ്റാം പറഞ്ഞു.
കോണ്‍ഗ്രസ് നിർദേശിക്കാത്ത ശശി തരൂർ പ്രതിനിധി സംഘത്തിൽ കേന്ദ്ര സർക്കാരിന്റെ നോമിനിയായി ഉൾപ്പെട്ടതിൽ കോണ്‍ഗ്രസിനുള്ളിൽ പോര് കടുക്കുന്പോഴാണ് കോണ്‍ഗ്രസ് നിർദേശിക്കാത്ത, എന്നാൽ കേന്ദ്രം നിർദേശിച്ച നേതാക്കൾക്ക് പ്രതിനിധികളായി വിദേശത്തേക്ക് സഞ്ചരിക്കുന്നതിന് തടസമില്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് നിർദേശിച്ച ആനന്ദ് ശർമയെ കൂടാതെ തരൂർ, മനീഷ് തിവാരി, സൽമാൻ ഖുർഷിദ്, അമർ സിംഗ് എന്നീ കോണ്‍ഗ്രസ് നേതാക്കളാണ് പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.