പ്രത്യാശാജനകം: ഗവർണർ ആനന്ദബോസ്
Monday, May 19, 2025 1:39 AM IST
കോൽക്കത്ത: ആഗോള കത്തോലിക്കാ സഭയുടെ സാരഥിയായി ചുമതലയേറ്റ ലെയോ പതിനാലാമൻ മാർപാപ്പയെ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് അഭിനന്ദിച്ചു. “സത്യം, നീതി, സമാധാനം എന്നിവ അടിസ്ഥാനമാക്കി മാനവികത സാക്ഷാത്കരിക്കാൻ കഴിയുന്ന ലോകക്രമം കെട്ടിപ്പടുക്കുന്നതിൽ സമർപ്പണബോധത്തോടെ തന്റെ ദൗത്യം നിർവഹിക്കു”മെന്ന മാർപാപ്പയുടെ പ്രഖ്യാപനം സംഘർഷനിർഭരമായ കാലഘട്ടത്തിൽ പുതിയ പ്രതീക്ഷ നൽകുന്നു.
സമാധാന സംസ്ഥാപനം, കുടിയേറ്റം, നിർമിതബുദ്ധിയുടെ ധാർമികവിനിയോഗം, ഭൂമിയുടെ സംരക്ഷണം തുടങ്ങി മനുഷ്യവംശം നേരിടുന്ന പുതിയകാല വെല്ലുവികളെ നേരിടുന്നതിൽ മാർപാപ്പയുടെ പ്രബോധനവും പ്രതിബദ്ധതയും മാതൃകാപരമാണെന്നും “ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം” എന്ന ക്രിസ്തുവിന്റെ വചനം സാർഥകമാക്കാൻ ആഗോള കത്തോലിക്കാ സഭയുടെ നടുനായകത്വം വഹിക്കുന്ന മാർപാപ്പ ആഗോള സമാധാന ശ്രമങ്ങൾക്കു വഴികാട്ടിയായിരിക്കുമെന്നും ആശംസാസന്ദേശത്തിൽ ഗവർണർ പ്രത്യാശിച്ചു.